തിരുവനന്തപുരം: ഒരു വർഷം മുമ്പ് പ്രളയം തച്ചുതകർത്ത കേരളമായിരുന്നില്ല ഇക്കുറി. അതിജീവിച്ച കേരളത്തിന്റെ 'ആത്മഹർഷമാണ്' ഇക്കുറി തലസ്ഥാനത്തെ ഓണം വാരാഘോഷത്തിൽ തെളിഞ്ഞത്.
'അതിജീവിച്ച ജനത" എന്നതിനെക്കാളുപരി 'എന്തുവന്നാലും ഒറ്റക്കെട്ടായി നേരിടുമെന്ന്" ഉറക്കെ വിളിച്ചുപറഞ്ഞാണ് ഇത്തവണത്തെ ഓണം വാരാഘോഷം താളവാദ്യ നൃത്തലയത്തോടെ പര്യവസാനിച്ചത്.
ഞായറാഴ്ച രാത്രി ഓണാഘോഷത്തിനിടെ മഴ വില്ലനായി എത്തിയപ്പോൾ സംഘാടകരുടെ മനസിൽ ആശങ്ക പടർന്നിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയായപ്പോഴേക്കും ചാറ്റൽ മഴ എത്തിയതോടെ ആശങ്ക ശക്തമായി. ആകാശം മൂടിക്കെട്ടി കിടന്നെങ്കിലും ഘോഷയാത്രയുടെ ആവേശം ഒട്ടും ചോർന്നില്ല. 'മഴയുടെ ഭീഷണി' വകവയ്ക്കാതെ ആബാലവൃദ്ധം ജനങ്ങൾ ഘോഷയാത്ര ആസ്വദിക്കാനായി വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ അണിനിരന്നു. കൊമ്പും കുരവയും ചെണ്ടമേളവും പുലികളിയും കോൽകളിയും തെയ്യവും നിറഞ്ഞാടിയ സായാഹ്നം തലസ്ഥാനവാസികൾക്ക് മറക്കാനാകാത്ത അനുഭവമായി.
യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിരുന്ന വി.വി.ഐ.പി പവലിയനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ, മന്ത്രിമാർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം മന്ത്രിമാർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു. ഇവർക്ക് മുന്നിൽ എട്ട് തെയ്യം കലാരൂപങ്ങൾ അവതരിപ്പിച്ചു. ഘോഷയാത്ര കടന്ന് പോയ വഴികളിലെ അഞ്ച് കേന്ദ്രങ്ങളിൽ ഗായകർ നാടൻ പാട്ടുകൾ ആലപിച്ചു. വി.ഐ.പി വേദിക്ക് സമീപത്ത് സൂചികുത്താൻ ഇടമില്ലാത്ത സ്ഥിതിയായിരുന്നു. സംസ്കൃത കോളേജിലെയും മറ്റും മതിലിലും വലിഞ്ഞുകയറിയാണ് യുവാക്കളിൽ പലരും ഘോഷയാത്ര കണ്ടത്.
ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കാൻ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്. നഗരവീഥിയുടെ ഇരുവശവും തിങ്ങിനിറഞ്ഞ ജനങ്ങൾ, അതിർത്തി കയറുകൾ മുറിച്ച് റോഡിലേക്ക് കടന്നതോടെ ഇവരെ നിയന്ത്രിക്കാൻ സുരക്ഷയ്ക്കായെത്തിയ പൊലീസും വലഞ്ഞു. എന്നാൽ, ആരോടും കയർക്കാതെ എല്ലാവർക്കും ഘോഷയാത്ര കാണുന്നതിനുവേണ്ട അന്തരീക്ഷമൊരുക്കാൻ പൊലീസിനായി. ഘോഷയാത്രയ്ക്കായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും പല റോഡുകളും കുരുക്കിലമർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |