തിരുവനന്തപുരം: കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ രണ്ടു ഡോക്ടർമാർ അടക്കം ഒൻപത് ജീവനക്കാർക്ക് ക്ഷയരോഗ ബാധ. ആരോഗ്യവകുപ്പ് നടത്തിയ ഐ.ജി.ആർ.എ ക്ഷയരോഗ പരിശോധനയിലാണ് ഒൻപത് പേർ പോസിറ്റിവാണെന്ന് കണ്ടത്തിയത്. ഇതിൽ രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെകർമാരും അഞ്ച് തൊഴിലാളികളും ഉൾപ്പെടും.
രോഗ ലക്ഷണങ്ങൾ കാണിക്കാത്ത ലേറ്റൻഡ് ടി.ബി ബാധയെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. ചെസ്റ്റ് എക്സ്റേ അടക്കമുള്ള തുടർ പരിശോധനകൾ നടത്തിയാൽ മാത്രമേ രോഗബാധ സ്ഥിരീകരിക്കാനാവൂ. ഇതിനായി പോസിറ്റീവായവരെ ഇന്ന് പേരൂർക്കട ആശുപത്രിയിലെത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുകയാണ്.ദിവസങ്ങൾക്ക് മുൻപ് ആരോഗ്യവകുപ്പ് അധികൃതർ 48 ജീവനക്കാരെയാണ് പരിശോധനയ്‌ക്ക് വിധേയരാക്കിയത്.
സ്ഥാപനത്തിൽ 90 ഓളം ജീവനക്കാരും ഇരുന്നൂറിലധികം കന്നുകാലികളുമാണുള്ളത്. ജന്തുജന്യ രോഗമായതിനാൽ ഇവിടത്തെ മൃഗങ്ങളെയും പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.2021 ൽ ഇവിടത്തെ ചില കന്നുകാലികളിൽ ക്ഷയരോഗ ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മൃഗങ്ങളെ പരിചരിക്കുന്നവരെ
പരിശോധിച്ചപ്പോൾ ജീവനക്കാർക്കും രോഗബാധ കണ്ടെത്തി. തുടർന്ന് ജീവനക്കാർക്ക് എല്ലാ വർഷവും പരിശോധന നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |