കോഴിക്കോട്: പതിനഞ്ച് വർഷം മുമ്പ് സംസ്ഥാനത്തുണ്ടായിരുന്നത് 32,000 സ്വകാര്യ ബസുകൾ. ഇപ്പോൾ സർവീസ് നടത്തുന്നത് 8,000. സർവീസ് നിറുത്തിയത് 24,000 ബസുകൾ. സാമ്പത്തിക നഷ്ടം കാരണം ബസുകൾ തുച്ഛവിലയ്ക്ക് വിറ്റ് ഈ മേഖലയോട് വിടപറയുന്നവരുടെ എണ്ണം കൂടുന്നു. വായ്പയെടുത്തും മറ്റും പുതിയ ബസ് വാങ്ങിയാലും നഷ്ടത്തിലാകുമോയെന്ന ആശങ്ക. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി നാളെ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്പീഡ് ഗവർണർ, ജി.പി.എസ്, ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസുൾപ്പെടെ ഗതാഗതവകുപ്പിന്റെ അപ്രായോഗിക നടപടികളടക്കം വിനയായെന്നും ബസുടമകൾ പറയുന്നു. ഇലക്ട്രിക് സ്കൂട്ടറുകളും കാറും വ്യാപകമായതോടെ യാത്രക്കാർ നന്നേ കുറഞ്ഞു. വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ചാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല. ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസ് പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിക്ക് മാറ്റിക്കൊടുക്കുന്നതും തിരിച്ചടിയാവുകയാണെന്നും ബസുടുകൾ.
കൊവിഡ് കാലത്ത് മാത്രം സർവീസ് നിറുത്തിയത് നാലായിരത്തോളം ബസുകളാണ്. കാലാവധി കഴിയാറായ ബസുകൾ ആക്രിവിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽമേഖലകൾ തേടുന്നവരും നിരവധി. ഒന്നോ രണ്ടോ ബസുകൾ മാത്രമുള്ളവരാണ് ഇക്കൂട്ടത്തിൽ ഏറെയും.
അതിജീവിക്കാൻ
ചെറു ബസുകൾ
48 സീറ്റുള്ള ബസുകൾക്ക് പകരം 24-30 വരെ സീറ്റുള്ള ചെറിയ ബസുകളാണിപ്പോൾ കൂടുതൽ. ജീവനക്കാർ കുറവു മതി. ഡീസൽ ചെലവ് കുറയും. നികുതിയും സീറ്റ് കുറയുമ്പോൾ ഇൻഷ്വറൻസ് പ്രീമിയവും കുറയും. ചെറുറോഡുകളിൽ സർവീസ് നടത്താൻ എളുപ്പം.
പ്രധാന പ്രശ്നങ്ങൾ
1.ബസ് വില 40ൽ നിന്ന് 60 ലക്ഷമായി. ഇൻഷ്വറൻസ് തുക, നികുതി കൂടി.
2.വിദ്യാർത്ഥി നിരക്ക് കൂട്ടിയില്ല. ഗ്രാമങ്ങളിലും ഓട്ടോയാത്രക്കാർ കൂടി.
ഇ ചെലാൻ വഴി അമിത പിഴയീടാക്കൽ
''വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ചു രൂപയാക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ ചെയ്തിട്ടും നടപ്പാക്കിയില്ല
-ടി.ഗോപിനാഥൻ,
ജനറൽ കൺവീനർ,
സംയുക്ത സമരസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |