ഡാർക്ക്നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും പണവിനിമയം ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകളും സൈബർ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ അധോലോക ശൃംഖലകളെ തകർക്കാനും നിഗൂഢസംഘങ്ങളെ പിടികൂടാനും ശക്തമായ നിയമവും നടപടികളും അനിവാര്യമെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധർ.
ഡാർക്ക്നെറ്റുകൾതന്നെ നിയമാനുസൃതമായും നിയമവിരുദ്ധമായും പ്രവർത്തിക്കുന്നവയുണ്ട് . ടോർ ബ്രൗസർ സംവിധാനത്തിലാണ് പ്രവർത്തനം. ടോർ ഓപ്പൺ സോഴ്സ് സോഫ്‌റ്റ്‌വെയറാണ്. ഒനിയൻ റൂട്ടർ എന്നാണ് അറിയപ്പെടുന്നത്. ടോറിനെ ഗുണപരമായും ദോഷകരമായും ഉപയോഗിക്കാൻ കഴിയും.
ആക്‌ടിവിസ്റ്റുകൾ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരാണ് ഗുണപരമായി ഉപയോഗിക്കുന്നത്. ഇന്റർനെറ്റ് നിയന്ത്രണവും സെൻസർഷിപ്പുമുള്ള രാജ്യങ്ങളിൽ അധികാരികളെ വിർശിക്കാനും മറച്ചുവയ്‌ക്കുന്ന വിവരങ്ങൾ പരസ്യപ്പെടുത്താനും ഇന്റർനെറ്റ് ആക്‌ടിവിസം എന്ന രൂപത്തിൽ ഉപയോഗിക്കാം.
മയക്കുമരുന്ന് ഇടപാട്, ആയുധക്കച്ചവടം, ഡാറ്റ ചോർത്തി വില്പന, ഹാക്കിംഗ്, തീവ്രവാദം തുടങ്ങിയവയ്‌ക്ക് ഉപയോഗിക്കുന്നവരാണ് കൂടുതൽ. ക്രിപ്‌റ്റോ കറൻസി ഇടപാടുകളും നടത്തുന്നു.
ഡിജിറ്റൽ രംഗത്ത് ഇന്ത്യ വൻകുതിപ്പാണ് നേടുന്നത്. അതിനൊപ്പം ഇത്തരം കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നു. കൂടുതൽ സൈബർ പൊലീസിംഗും സർക്കാർ ഏജൻസികളുടെ കടുത്ത നിരീക്ഷണവും ജാഗ്രതയും അനിവാര്യമാണെന്ന് തെളിയിക്കുന്നതാണ് മലയാളികൾ ഉൾപ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുടെ ഡാർക്ക്നെറ്റിലെ പ്രവർത്തനം.
ഡാർക്ക്നെറ്റിൽ ഇന്ത്യ മുന്നിൽ
1. ആഗോള ഡാർക്ക്നെറ്റ് ഉപയോഗത്തിൽ 26 ശതമാനം ഇന്ത്യയിൽ നിന്നാണെന്ന് എന്റർപ്രണർ ഇന്ത്യയെന്ന സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ജനാധിപത്യ അവകാശങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും അനുവദിക്കുന്ന ഇന്ത്യയിൽ ഡാർക്ക്നെറ്റ് വലിയതോതിൽ ഉപയോഗിക്കേണ്ട സാഹചര്യമില്ല.
2. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ 20 ശതമാനം ഡാർക്ക്നെറ്റുമായി ബന്ധപ്പെട്ടാണെന്ന് ലിസിയാന്തസ് ടെക്ക് എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിന്റെ പഠനം പറയുന്നു. ഡാറ്റാ മോഷണം, നിയമവിരുദ്ധ സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം, ഹാക്കിംഗ് എന്നിവയിലാണ് കൂടുതൽ പരാതികൾ.
3. ഡിജിറ്റൽ ഇടപാടുകളിൽ ലോകത്ത് ഏറ്റവും മുന്നിലാണ് ഇന്ത്യ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര വളർച്ചയുടെ (ജി.ഡി.പി) പത്തിരട്ടിയാണ് അമേരിക്കയുടേത്. പക്ഷേ, അമേരിക്ക ഉൾപ്പെടെ വികസിതരാജ്യങ്ങൾ നടത്തുന്ന ഡിജിറ്റൽ ഇടപാടിന്റെ നാലിരട്ടിയാണ് ഇന്ത്യ യു.പി.ഐയിലൂടെ പ്രതിദിനം നടത്തുന്നത്. ഡാർക്ക്നെറ്റ് ഇടപാടുകാർ ഉപയോഗിക്കുന്ന ക്രിപ്‌റ്റോ കറൻസി ഇന്ത്യയിൽ നിരോധിച്ചിട്ടുമില്ല.
''ഇന്ത്യയിൽ ടോർ നിയമപരമാണ്. പ്രതിരോധം പോലെ സുപ്രധാന മേഖലകളിൽ മാത്രം അനുവദിച്ച് മറ്റുപയോഗം നിരോധിക്കണം. പണമിടപാട് ഉൾപ്പെടെ ഡിജിറ്റൽ ഇടപാടുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്.""
-എസ്. രാജേഷ്‌കുമാർ
മാനേജിംഗ് ഡയറക്‌ടർ
ടെക്നോവാലി സോഫ്‌റ്റ്‌വെയർ
''വ്യക്തിവിവരങ്ങൾ വെളിപ്പെടില്ല എന്നതാണ് ഡാർക്ക്നെറ്റിനെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ കാരണം. നിയമപരമായ വ്യവസ്ഥകൾ ബാധകല്ലാത്ത പ്രവർത്തനം കർക്കശമായി നിയന്ത്രിക്കണം.""
-നന്ദകിഷോർ ഹരികുമാർ
സൈബർ സുരക്ഷാ വിദഗ്ദ്ധൻ
''ഡാർക്ക്നെറ്റുമായി ബന്ധപ്പെട്ട് കേരളത്തിൽ രണ്ടു കേസുകളേ റിപ്പോർട്ട് ചെയ്‌തിട്ടിട്ടുള്ളൂ. രാജ്യത്ത് ധാരാളം കേസുകളുണ്ട്.""
-അഡ്വ. റീന എബ്രഹാം
സൈബർ നിയമ വിദഗ്ദ്ധ
(പരമ്പര അവസാനിച്ചു )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |