ഗീതു ശിവകുമാർ
സി.ഇ.ഒ, പേസ്ടെക്ക് സോഫ്റ്റ്‌വെയർ
സ്ഥിരവരുമാനമുള്ള ജോലി! അതും സർക്കാർ ജോലി ആയാലോ! എന്നാൽ 'അനുദിനം മാറുന്ന ലോകത്ത് അവസരങ്ങളുടെ അക്ഷയഖനി പരന്നുകിടക്കുമ്പോൾ ഒറ്റ വരുമാന സ്രോതസിനെ മാത്രം ആശ്രയിക്കേണ്ടതില്ല."- തിരുവനന്തപുരം കവടിയാറിലെ 'പേസ് ടെക്ക്" സോഫ്റ്റ്‌വെയർ കമ്പനി സി.ഇ.ഒയും സാങ്കേതിക വിദഗ്ദ്ധയുമായ ഗീതു ശിവകുമാർ പറയുന്നു. 'ടെക്ക് ഈസ് എ മാൻസ് വേൾഡ്..."എന്ന പൊതുധാരണ തിരുത്താൻ നിർമ്മിതബുദ്ധി, സോഫ്റ്റ്‌വെയർ നിർമ്മാണം, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ് തുടങ്ങിയ രംഗങ്ങളിലെ മികച്ച പ്രകടനം ഗീതുവിനെ സഹായിച്ചു. സാങ്കേതിക വിദ്യയിലെ പുതിയ സാദ്ധ്യതകളെക്കുറിച്ച് ഗീതു 'കേരളകൗമുദി"യോട് സംസാരിക്കുന്നു.
? പേസ് ടെക്കിന്റെ തുടക്കം.
പ്രതിസന്ധികളായിരുന്നു പ്രചോദനം. ബാർട്ടൻഹിൽ ഗവ. എൻജിനിയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ രണ്ടാംവർഷം പഠിക്കുമ്പോഴാണ് തുടക്കം. കൊവിഡ് കാലത്ത് ഡാറ്റാ, ടെക്, എ.ഐ എന്നിവയെ എങ്ങനെ ഉപയോഗപ്രദമായി സമന്വയിപ്പിക്കാമെന്ന് ചിന്തിച്ചു. പിന്നീട് ഡാറ്റാ ആധികാരികത, നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സമൂഹത്തിൽ സ്വാധീനം ചെലുത്തുക തുടങ്ങിയ മേഖലകളിലേക്കു തിരിഞ്ഞു. അടുത്തിടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറംലോകത്ത് എത്തിക്കാൻ നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്തി.
? സ്ത്രീ എന്ന നിലയിൽ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടോ.
വിശ്വാസ്യത നേടുക ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. തീരുമാനങ്ങളെടുക്കാൻ സ്ത്രീകൾക്ക് സാധിക്കില്ലെന്ന് ഒരു ധാരണയുണ്ടല്ലോ. അങ്ങനെ ചില അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. നേതൃത്വം, ഫണ്ടിംഗ് തുടങ്ങിയ രംഗങ്ങളിൽ സ്ത്രീകൾക്ക് ഒരു ഗ്ലാസ് സീലിംഗ് ഉണ്ട്. ലോകത്തിൽ സ്ത്രീസ്ഥാപിത സ്റ്റാർട്ടപ്പുകൾക്ക് മൂന്നു മുതൽ അഞ്ചു ശതമാനം വരെ മാത്രമാണ് വെൻച്വർ ഫണ്ടിംഗ് ലഭിക്കുന്നത്. റോൾ മോഡലുകളും കുറവാണ്. എന്നാൽ, സ്ത്രീകൾ നയിക്കുന്ന ടെക്ക് ഹബ്, ഷീ കോഡ്, വിമൻ ഇൻ എ.ഐ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.
? ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തരംഗം നിർമ്മിത ബുദ്ധിയാണോ.
തീർച്ചയായും. ലോകത്തിന്റെ ചലനത്തെയും അതിന്റെ വേഗതയും എ.ഐ മാറ്റിയെഴുതുകയാണ്. ആരോഗ്യ പരിചരണം മുതൽ നിയമം വരെ, വിദ്യാഭ്യാസം മുതൽ രസതന്ത്രം വരെ ഓരോ മേഖലയിലും എ.ഐയുടെ സ്വാധീനം വ്യക്തമാണ്. ജി.പി.ടി, ജെമിനി തുടങ്ങിയ ജനറേറ്റീവ് എ.ഐ ലാംഗ്വേജ് മോഡലുകളുടെ പ്രവർത്തനം അത്ഭുതപ്പെടുത്തുന്നതാണ്.
? ജോലികൾ നഷ്ടപ്പെടുമോ.
അത് ആളുകളുടെ കാഴ്ചപ്പാട് പോലെയിരിക്കും. ചില ജോലികൾ നഷ്ടപ്പെടും. പ്രത്യേകിച്ച് ആവർത്തന സ്വഭാവമുള്ളവ. പക്ഷേ അതോടൊപ്പം പുതിയ ജോലികളും അവസരങ്ങളും പിറവിയെടുക്കും. എ.ഐയെ ഭയപ്പെടാതെ ആ മാറ്റത്തിൽ പങ്കാളികളാവണം. റീ- സ്കില്ലിംഗ്, അപ്- സ്കില്ലിംഗ് എന്നിവ ചെയ്യണം. സർഗാത്മകത, വൈകാരികബുദ്ധി തുടങ്ങിയ മനുഷ്യന്റെ സവിശേഷതകളിൽ നിക്ഷേപിക്കണം.
? നിയമങ്ങൾ പര്യാപ്തമാണോ.
അല്ല. നമ്മൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വേഗത കൂടുകയും നിയമങ്ങൾ പിന്നിലായിപ്പോവുകയും ചെയ്യുന്നു. 'ഡീപ്ഫേക്കി"ന്റെ കാലത്ത് സ്വകാര്യത ചോദ്യചിഹ്നമാകുന്നു. യൂറോപ്പിൽ ജി.ഡി.പി.ആർ (ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ) പോലുള്ള നിയമങ്ങൾ നിലവിലുണ്ട്. സമാന മാതൃകയിൽ നിയമങ്ങൾ കാര്യക്ഷമമാക്കണം.
? ഗെയിമിംഗ് കുട്ടിക്കളിയല്ലാതാകുന്നോ.
വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ സാദ്ധ്യതകൾ ഗെയിമിംഗ് രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. റൂമിലിരുന്ന് ഗെയിം കളിക്കുന്നയാൾ, മറ്റേതോ ലോകത്തെത്തും (ഇമേഴ്സീവ് ഗെയിംപ്ലേ). ഓരോ ഗെയിമറും ഒരു കഥയുടെ ഭാഗമാകുന്നു. പി.സിയും കൺസോളുമില്ലാതെ ഹെ-എൻഡ് ഗെയിമുകൾ കളിക്കാം. ജീവിതശൈലി മെച്ചപ്പെടുത്താനായി 'ഹാബിറ്റിക" പോലുള്ള ആപ്പുകളുമുണ്ട്.
? പാസീവ് ഇൻകം ഇക്കാലത്ത് എത്രമാത്രം പ്രധാനമാണ്.
ഇക്കാലത്ത് ആജീവനാന്ത ജോലി അല്ലെങ്കിൽ സ്ഥിരവരുമാനം എന്നൊരു സങ്കല്പത്തിൽ മാത്രം വിശ്വസിച്ചിട്ട് കാര്യമില്ല. പ്രധാനമായി ഒരു ജോലി ചെയ്യുമ്പോൾത്തന്നെ അധികസമയം ചെലവാകാത്ത തരത്തിൽ ഒരു നിഷ്ക്രിയ വരുമാനം (പാസീവ് ഇൻകം) ഉണ്ടായിരിക്കണം. ഫ്രീലാൻസിംഗ്, റെന്റൽ ഇൻകം, ഡിജിറ്റൽ പ്രോഡക്ട്സ്, കണ്ടന്റ് മോണിട്ടൈസേഷൻ ഉൾപ്പെടെ അനവധി മാർഗങ്ങളുണ്ട് ഇപ്പോൾ. സാമ്പത്തിക സ്വാതന്ത്ര്യം നേടിയാൽ ജീവിതം കൂടുതൽ ആസ്വദിക്കാനാവും.
? പുതിയ സംരംഭകരോട്.
ആശയത്തിൽ മാത്രം ഒതുങ്ങരുത്. പെർഫക്ട് ഐഡിയ എന്നൊന്നില്ല. ചെറിയ രീതിയിലെങ്കിലും തുടങ്ങുക. വിപണിയെക്കുറിച്ച് പഠിക്കുക, സ്വന്തം കഴിവുകൾ മനസിലാക്കുക ,നെറ്റ്‌വർക്ക് വളർത്തുക. ഒരിക്കൽ തുടങ്ങാൻ തീരുമാനിച്ചാൽ പിന്നെ തിരിഞ്ഞുനോക്കാതിരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |