കണക്കില്ലാത്തതാണ് കുഴപ്പമെന്ന് ഇനി കുറ്റം പറയരുത്! ഏതു കാര്യവും അച്ചടക്കത്തോടെയും കാര്യക്ഷമമായും നടത്താൻ ആദ്യംവേണ്ടത് അതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കാണ്. അതില്ലാതെ വല്ലതിനും ഒരുങ്ങിയാൽ കൈയും കണക്കുമില്ലാതെ കാശും കാലവും പോകുമെന്നു മാത്രമല്ല, പണി 'ഒരുകണക്കിനാ"വുകയും ചെയ്യും. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലെ പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളുടെ ഏകദേശമൊരു കണക്ക് കഴിഞ്ഞ ദിവസം സർക്കാരിനു കിട്ടി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം വീണ് വീട്ടമ്മ മരിച്ച ദാരുണ സംഭവം വേണ്ടിവന്നു, ഇത്തരമൊരു പ്രാഥമിക കണക്കെങ്കിലും അന്വേഷിച്ചുപോകാൻ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെയുള്ളവയുടെ ചുമതലയുള്ള ആരോഗ്യ ഡയറക്ടറേറ്റാണ് കണക്കെടുപ്പ് നടത്തിയത്. അതനുസരിച്ചു പോലും 134 സർക്കാർ ആശുപത്രികളിലായി 'അത്യാസന്ന" നിലയിലുള്ള കെട്ടിടങ്ങൾ 225 എണ്ണമുണ്ട്.
മെഡിക്കൽ കോളേജ് ആശുപത്രികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെ ആരോഗ്യനില മേൽപ്പറഞ്ഞ കൂട്ടത്തിൽ വരില്ല. ആ കണക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വേണം ഇനി അന്വേഷിച്ചുപോകാൻ! കണക്ക് കൈയിൽ കിട്ടിയിട്ട് കാര്യമില്ല; അതിന്മേൽ വേഗത്തിലുള്ള തുടർനടപടികളാണ് ഇനി വേണ്ടത്. കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ അപകടത്തിന് ഇടയാക്കിയ കെട്ടിടത്തിന് അറുപത്തിയെട്ട് വർഷമായിരുന്നു, പഴക്കം. അതിലും പ്രായമേറിയ 'സീനിയർ സിറ്റിസൺസ്" ആശുപത്രിക്കെട്ടിടങ്ങളുടെ കൂട്ടത്തിലുണ്ട്. പഴക്കമുണ്ടെങ്കിലും ഇപ്പോഴും സ്ട്രോംഗ് ആയി നിലനിൽക്കുന്നവയുമുണ്ട്. പഴയ കെട്ടിടങ്ങളെല്ലാം കണ്ണുംപൂട്ടി പൊളിച്ചുനീക്കണമെന്ന് ആരും പറയില്ല. ഇത്തരം കെട്ടിടങ്ങളെ അവയുടെ ബലക്ഷമതയും ഉപയോഗക്ഷമതയും വിലയിരുത്തി, പല വിഭാഗങ്ങളിലാക്കുകയാണ് ആദ്യം വേണ്ടത്. അതിന് ഒരു വിദഗ്ദ്ധ സംഘത്തിന്റെ വിശദപരിശോധന വേണ്ടിവരും.
പൂർണമായും പൊളിച്ചുനീക്കേണ്ടവ, അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി സുരക്ഷിതമായി നിലനിറുത്താവുന്നവ, ചില ഭാഗങ്ങൾ മാത്രം ബലപ്പെടുത്തേണ്ടവ, ചെറിയ പണികൾ നടത്തി കുറേക്കാലത്തേക്കു കൂടി ഉപയോഗിക്കാവുന്നവ എന്നിങ്ങനെ കെട്ടിടങ്ങളുടെ തരംതിരിവ് വേണം ആദ്യം. പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ കാര്യത്തിൽ, എത്ര നാളിനകം, ഏതു വിധം, അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ടത് എങ്ങനെ, ആ സ്ഥലത്തിന്റെ തുടർവിനിയോഗം എങ്ങനെ, അവിടെ പുതിയ കെട്ടിടം പണിയുന്നെങ്കിൽ ഏത് വിഭാഗത്തിനു വേണ്ടി, എത്ര നിലകളിൽ തുടങ്ങി നൂറായിരം കാര്യങ്ങൾ സൂക്ഷ്മമായി പഠിച്ച് പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. പ്ളാൻ തയ്യാറായാൽത്തന്നെ ധനകാര്യ അനുമതി മുതൽ കരാർ ഏർപ്പാടാക്കൽ വരെ പിന്നെയും കടമ്പകളുണ്ട്. ഉദ്യോഗസ്ഥരാണെങ്കിൽ എന്തുണ്ട് കടമ്പയെന്ന് കാത്തിരിക്കുകയാണ്, ഫയലുകൾ ഒന്ന് തടഞ്ഞുവയ്ക്കാൻ. വ്യാപകമായ ആക്ഷേപങ്ങൾക്ക് ഇടയാക്കിയ കോട്ടയത്തെ കെട്ടിട ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും, ആശുപത്രിക്കെട്ടിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഒരു കടമ്പയും കടമ്പയായിക്കൂടാ.
പൊളിഞ്ഞുവീഴാറായ ആശുപത്രിക്കെട്ടിടങ്ങൾ ഏറ്റവും കൂടുതലുള്ളത് മെട്രോ സിറ്റിയെന്ന് നമ്മൾ മേനി പറയുന്ന കൊച്ചി ഉൾപ്പെടുന്ന എറണാകുളം ജില്ലയിലാണ് എന്നതാണ് ഈ കണക്കിലെ ഒരു നാണക്കേട്. മെഡിക്കൽ കോളേജ് ആശുപത്രികളുടെ കെട്ടിടങ്ങളുടെ കണക്ക് ബാക്കി കിടക്കുന്നതേയുള്ളൂ എന്ന് മറന്നുപോകരുത്. ആ കണക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ശേഖരിക്കണം. എന്നിട്ട്, തുടർനടപടികൾക്ക് കൃത്യമായ പ്ളാൻ ഉണ്ടാക്കുകയും, അതിനു വേണ്ടുന്ന പണം കണ്ടെത്തുകയും, നിശ്ചിത കാലയളവിനുള്ളിൽ പണികൾ പൂർത്തിയാക്കുകയും വേണം. കണക്ക് കൈയിലെത്തും വരെ അതായിരുന്നു തടസം. ഇനിയിപ്പോൾ അതു വേണ്ടല്ലോ. അതുകൊണ്ട് 'മുറപോലെ"യല്ല, മിന്നൽ പോലെ കാര്യങ്ങൾ നടത്താനുള്ള ഇച്ഛാശക്തിയും ശുഷ്കാന്തിയും ആരോഗ്യവകുപ്പും സർക്കാരും പുലർത്തുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |