തിരുവനന്തപുരം: കേസിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങൾ റീ- രജിസ്റ്റർ ചെയ്ത് പൊലീസ്, എക്സൈസ് വാഹനങ്ങളാക്കി മാറ്റണമെന്ന് സർക്കാരിന് പൊലീസിന്റെ ശുപാർശ. കേന്ദ്രനയപ്രകാരം, 15 വർഷം പഴക്കമുള്ള ആയിരത്തോളം പൊലീസ് വാഹനങ്ങൾ പൊളിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാം.
പൊലീസ് മേധാവിയായിരുന്ന ഷേഖ്ദർവേഷ് സാഹിബ് ആഭ്യന്തരസെക്രട്ടറിക്ക് ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല.
പൊളിക്കുന്നതിന് പകരം പുതിയവ ഇല്ലാത്തത് പൊലീസിന്റെ ദൈനംദിന ആവശ്യത്തെ ബാധിക്കുന്നു. കണ്ടുകെട്ടിയ വാഹനങ്ങളിൽ അധികം പഴക്കമാവാത്തത് ഉപയോഗിക്കാം. വാഹനങ്ങൾ പിടിച്ചെടുത്ത് ആഴ്ചകൾക്കകം നിയമനടപടികൾ പൂർത്തിയാക്കി റീ-രജിസ്റ്റർ ചെയ്ത് ഏറ്റെടുക്കണം. മണൽകടത്ത്, അബ്കാരി കേസുകളിലടക്കം പിടിച്ചെടുത്തതും അവകാശികളില്ലാത്തതുമായ വാഹനങ്ങളുണ്ട്.
സ്ഥലപരിമിതി കാരണം വാഹനങ്ങൾ തുറസായ സ്ഥലത്തോ സ്റ്റേഷൻ പരിസരത്തോ ആണ് സൂക്ഷിക്കുന്നത്. മഴയുംവെയിലുമേറ്റ് വാഹനങ്ങൾ നശിക്കുന്നു. ടയറുകൾ, ബാറ്ററി, റബർ പാർട്സുകൾ എന്നിവ ഉപയോഗശൂന്യമാവുന്നു. ഇന്ധനടാങ്ക്, ഡോറുകൾ, എൻജിൻ ക്യാപ്പ് എന്നിവ അടയ്ക്കാനാവാത്തതിനാൽ വെള്ളംകയറി തുരുമ്പിക്കുന്നു. സീറ്റുകൾ നശിക്കുന്നു. അറ്റകുറ്റപ്പണിക്ക് വൻതുക മുടക്കേണ്ടിവരും. ഇത്രയുംതുക ചെലവഴിക്കുന്നത് സർക്കാരിന് സാമ്പത്തികമായി ലാഭകരമാവില്ല. കാലപ്പഴക്കം കുറഞ്ഞ വാഹനങ്ങൾ ടെക്നിക്കൽ ടീം പരിശോധിച്ച് ഏറ്റെടുക്കണമെന്നാണ് ശുപാർശ.
നൂലാമാലകൾ പലത്
മണൽ,അബ്കാരി കേസുകളിലെ മിക്കവാഹനങ്ങളും വായ്പയെടുത്ത് വാങ്ങിയതായിരിക്കും. ധനകാര്യസ്ഥാപനങ്ങളുടെ എൻ.ഒ.സിയില്ലാതെ കൈമാറ്റം സാദ്ധ്യമാവില്ല
ഉടമസ്ഥത മാറ്റുന്നതും നികുതിയടയ്ക്കുന്നതുമായ പ്രശ്നങ്ങളും ഇതുസംബന്ധിച്ച കോടതി ഉത്തരവുകളും ഏറ്റെടുക്കലിനെ ബാധിക്കും
ഹീനമായ കുറ്റകൃത്യങ്ങളിൽപ്പെട്ടാൽ വാഹനത്തിന്റെ ഇൻഷ്വറൻസും ആർ.സിയും റദ്ദാക്കാം. സാധാരണ കുറ്റകൃത്യങ്ങളിൽ ഇതുസാദ്ധ്യമാവില്ല
അപകടത്തിൽപെട്ട വാഹനങ്ങൾ നന്നാക്കാനും പണച്ചെലവുണ്ട്. ബൈക്ക്, ടിപ്പർ, ലോറി എന്നിവയാണ് കൂടുതലും. പൊലീസിന്റെ ഉപയോഗത്തിന് പറ്റിയതാവണമെന്നില്ല
35000
പിടിച്ചെടുത്ത വാഹനങ്ങൾ. മലപ്പുറത്ത് അയ്യായിരത്തോളമുണ്ട്. പാലക്കാട്,തൃശൂർ,കോഴിക്കോട് എന്നിവിടങ്ങളിലുമേറെ.
വിട്ടുനൽകാൻ നിയമം, പക്ഷേ..
1 മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടറുടെ പരിശോധന ആവശ്യമില്ലാത്ത കേസുകളിൽ വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് മഹസർ തയ്യാറാക്കി വിട്ടുനൽകണം
2 അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കേണ്ടതില്ലെങ്കിൽ രേഖകൾ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടമയ്ക്ക് കൈമാറണം
3 വാഹനം പിടിച്ചെടുത്ത് രണ്ടാഴ്ചക്കകം നടപടികൾ പൂർത്തിയാക്കി കോടതിയെ അറിയിക്കണം. ലേലത്തിന് കോടതി നിർദ്ദേശിച്ചാൽ 6 മാസത്തിനകം നടപടി പൂർത്തിയാക്കണം. പക്ഷേ ഇവയൊന്നും പാലിക്കുന്നില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |