പത്തനംതിട്ട: സർക്കാർ ആശുപത്രിയിലെ ചികിത്സകൊണ്ട് രോഗം ഭേദമാകാത്ത തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം സർക്കാരിനെ വെട്ടിലാക്കി. വിവാദമായതോടെ മന്ത്രിയുടെ വാദം തള്ളി എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ രംഗത്തെത്തി. താൻ രക്ഷപ്പെട്ടത് സർക്കാർ ആശുപത്രിയിൽ ചികിത്സിച്ചതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ് പിന്നീട് മന്ത്രി മുഖം രക്ഷിക്കാൻ ശ്രമിച്ചു.
മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നതിനെക്കുറിച്ച് പത്തനംതിട്ടയിൽ മാദ്ധ്യമ പ്രവർത്തകരോടായിരുന്നു മന്ത്രിയുടെ പരാമർശം. അതിങ്ങനെ: ''സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ല. എവിടെയാണോ നല്ല ചികിത്സ ലഭിക്കുന്നത് അവിടേക്ക് ആളുകൾ പോകും. 2019ൽ ഡെങ്കിപ്പനി ബാധിച്ചപ്പോൾ താൻ ചികിത്സ തേടിയത് ചെങ്ങന്നൂരിലെ സർക്കാർ ആശുപത്രിയിലാണ്. മരിക്കാൻ സാദ്ധ്യത വന്നപ്പോൾ അമൃത ആശുപത്രിയിലേക്ക് ശുപാർശ ചെയ്തു. അവിടെ ചെന്നപ്പോൾ ബോധമില്ലായിരുന്നു. അവിടത്തെ ചികിത്സകൊണ്ട് രക്ഷപ്പെട്ടു. അമൃത ആശുപത്രി മോശമാണോ. സർക്കാർ ആശുപത്രികളിലും മെച്ചപ്പെട്ട ചികിത്സ ലഭിക്കും. സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന്റെ അത്താണിയാണ് ''.
ബോധമില്ലായിരുന്നു;
തീരുമാനിച്ചത് കുടുംബം!
പരാമർശം വിവാദമായതോടെ മന്ത്രി നൽകിയ വിശദീകരണം: ''2019ൽ ഡെങ്കി വന്നപ്പോൾ അമൃത ആശുപത്രിയിൽ പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഞാൻ ബോധമില്ലാതെ കിടന്നപ്പോൾ കുടുംബാംഗങ്ങളാണ് തീരുമാനമെടുത്തത്. സർക്കാർ ആശുപത്രിപോലെ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളുണ്ട്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞെങ്കിൽ അങ്ങോട്ടുപോകുമായിരുന്നു''.
മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവമാണ്. മെഡിക്കൽ കോളേജിൽ ചികിത്സ നടത്തിയതുകൊണ്ടാണ് എനിക്ക് ജീവൻ രക്ഷിക്കാനായത്
-ടി.പി രാമകൃഷ്ണൻ,
എൽ.ഡി.എഫ് കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |