ന്യൂഡൽഹി: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ വ്‌ളോഗർ ജ്യോതി മൽഹോത്രയെ കേരള ടൂറിസം വകുപ്പ് ക്ഷണിച്ചത് ഞെട്ടിപ്പിക്കുന്നതാണെങ്കിലും അത്ഭുതമില്ലെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ.
തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്ന സംസ്ഥാനമാണ് കേരളം. പാകിസ്ഥാൻ ക്ഷണിച്ചയാളെ കേരളവും അതിഥിയായി കൊണ്ടുവന്നത് യാദൃച്ഛികമല്ല. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് വിശദീകരണം നൽകേണ്ടതെന്നും ജാവദേക്കർ പറഞ്ഞു.
ചാരവൃത്തി നടത്തുന്നവരെ ചുവപ്പുപരവതാനിയിട്ട് വരവേൽക്കുന്ന ഇടതുസർക്കാരിന് ഭാരതാംബയുടെ ചിത്രം വയ്ക്കുന്നത് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്ന് ബി.ജെ.പി. വക്താവ് ഷഹ്‌സാദ് പൂനെവാല പറഞ്ഞു. മുഹമ്മദ് റിയാസിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണെന്നും ഷെഹ്‌സാദ് പൂനെവാല ആവശ്യപ്പെട്ടു.
2024 ജനുവരി മുതൽ 2025 മേയ് വരെ സംസ്ഥാന ടൂറിസം വകുപ്പിനായി പ്രമോഷൻ നടത്തിയ വ്‌ളോഗർമാരുടെ പട്ടികയിൽ ജ്യോതിയും ഉൾപ്പെട്ടതാണ് വിവാദമായത്.
ദേശസുരക്ഷയിലെ പരാജയങ്ങൾ മറയ്ക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതവും ശ്രദ്ധതിരിക്കാൻ ലക്ഷ്യമിട്ടാണെന്നും സി.പി.ഐ എം.പി പി.സന്തോഷ് കുമാർ പ്രതികരിച്ചു. പാസ്‌പോർട്ട് അനുവദിക്കലും വിസ ക്ലിയറൻസും അടക്കം എല്ലാം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്. അതിനാൽ ഒരു യുട്യൂബർ പാകിസ്ഥാനിലേക്ക് പോയതിന് ഒരു സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത് സ്വന്തം നാണക്കേടുകൾ മറയ്ക്കാനാണ്. ഭോപ്പാൽ ഐ.ടി സെല്ലിലെ ധ്രുവ് സക്‌സേന, ബജ്‌റംഗ് ദളിലെ ബൽറാം സിങ്, മൈനോറിറ്റി മോർച്ച തലവനായി നിയമിക്കപ്പെട്ട ലഷ്‌കറെ തയ്ബ ഭീകരൻ ടലിബ് ഷാ തുടങ്ങി ചാരവൃത്തിയുമായി ബന്ധമുള്ള ബി.ജെ.പിക്കാരുടെ പട്ടിക നീണ്ടതാണെന്നും സന്തോഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ മാസം അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ ജുഡിഷ്യൽ കസ്റ്റഡി ഹരിയാനയിലെ ഹിസാർ കോടതി ജൂലായ് 21 വരെ നീട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |