ആറ്റിങ്ങൽ: വാട്സ്ആപ്പ് വഴി മൊബൈൽ ഫോണുകളിൽ വരുന്ന ലിങ്കുകൾ ഓപ്പൺ ചെയ്യുന്നതോടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകയായ ലിജ ഷിബു തന്റെ ഫോൺ ഹാക്ക് ചെയ്തത് സംബന്ധിച്ച് തിരുവനന്തപുരം സൈബർ സെല്ലിൽ പരാതി നൽകി. രണ്ടു ദിവസം മുമ്പ് പി.എം കിസ്സാൻ യോജന എന്ന പേരിൽ ഒരു ലിങ്ക് വാട്സ്ആപ്പിൽ വരികയും അത് ഓപ്പൺ ആക്കുന്നതിനിടയിൽ വാട്സ്ആപ്പ് തന്നെ ഇല്ലാതാവുകയും, ആ മെസ്സേജ് നിരവധി നമ്പരിലേക്ക് സെന്റാവുകയും ചെയ്‌തെന്നാണ് പരാതി. ഇത് തുറന്നുനോക്കിയ പലരുടെയും ഫോൺ നിശ്ചലമായെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് ലിജ ഈ നമ്പറിൽ നിന്നും ബിസ്നസ് വാട്സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ചപ്പോഴാണ് നിലവിൽ പഴയ അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇതുവഴി പലർക്കും മോശം മെസേജുകൾ എത്തിയതോടെയാണ് ചതി മനസ്സിലാകുന്നത്. ലിജയുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങലിലുള്ള ഒരു എൻജിനിയർക്കും സമാന അനുഭവമുണ്ടായെന്നും ഫോണിലെ പല ഡോക്യൂമെന്റുകളും നഷ്ട്ടപ്പെടുകയും ബാങ്ക് ട്രാൻസാക്ഷൻ ഉൾപ്പെടെ തടസപ്പെട്ടെന്നും പരാതിയുണ്ട്.
ഹാക്ക് ചെയ്യപ്പെട്ടാൽ:
1. വാട്സപ്പ് അൺഇൻസ്റ്റാൾ ചെയ്യുക
2. ഫോണിൽ കാണുന്ന പുതിയ ഏതെങ്കിലും ആപ്പ് ഉണ്ടെങ്കിൽ ഉടൻ അൺഇൻസ്റ്റാൾ ചെയ്യുക ( ഒരിക്കലും റിമൂവ് ചെയ്യരുത്)
3. സിം ഊരിയെടുത്ത് പുതിയ/ മറ്റൊരു ഫോണിലിട്ട് വാട്സ്ആപ്പ് റിക്കവർ ചെയ്യുക. ഒ.ടി.പി വരുന്നത് ഉറപ്പാക്കി പഴയ വാട്സ്ആപ്പ് ശരിയായെന്ന് ഉറപ്പാക്കുക.
4. വാട്സ്ആപ്പ് പിൻ / ലോക്ക് മാറ്റുക
5. വാട്സ്ആപ്പിൽ ഇ മെയിൽ സെറ്റ് ചെയ്യുക
6. ടു ഫാക്ടർ ഓതന്റിഫിക്കേഷൻ ചെയ്യുക
7. ലിങ്ക്സ് കോൺടാക്ട് ഓൺലി ആക്കുക
8. മറ്റൊരു ഫോണിൽ വാട്സപ്പ് റിക്കവറി ചെയ്ത് ശരിയെന്ന് തോന്നിയാൽ മാത്രം സിം ഒറിജിനൽ ഫോണിലിട്ട് വീണ്ടും വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
9. മുഴുവൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും ഇമെയിലിന്റെയും പാസ്‌വേഡ് മാറ്റണം.
10. ശരിയായില്ലെങ്കിൽ സൈബർ വിദഗ്ധർക്ക് കൈമാറണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |