'നിലത്തുവച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും" എന്ന മട്ടിൽ നമ്മുടെ മാണിസാർ (കെ.എം മാണി) കൊണ്ടുനടന്ന പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം) എന്ന ബ്രായ്ക്കറ്ര് പാർട്ടി. ജനിച്ചപ്പോഴേ ബ്രായ്ക്കറ്രുമായി വന്ന പാർട്ടിയല്ല ഇത്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്തുകൊണ്ടിരുന്ന പാർട്ടിയുടെ ഓരോ കഷണങ്ങളെയും തിരിച്ചറിയാൻ ഒരു ബ്രായ്ക്കറ്റും അതിനുള്ളിൽ എന്തെങ്കിലും ഒരു അക്ഷരവും അത്യന്താപേക്ഷിതമാണെന്ന ഘട്ടത്തിലാണ് ഇതൊരു അന്തർദേശീയ ബ്രായ്ക്കറ്ര് പാർട്ടിയായി പരിണമിച്ചത്. ഇപ്പോൾ ഇതൊക്കെ പറയാൻ കാരണം കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തെക്കുറിച്ച് നടക്കുന്ന ചർച്ചകളാണ്.
ഇടതുപക്ഷത്തോട് തോളുരുമ്മി നിന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മത്സരിച്ച 12 സീറ്രുകളിൽ അഞ്ചിടത്ത് വിജയിച്ച് ഒരു മന്ത്രിയെയും ഒരു ചീഫ് വിപ്പിനെയും ഗുണ്ട് ഗുണ്ട് പോലെ സംസാരിക്കുന്ന മൂന്ന് എം.എൽ.എ മാരെയും സഭയിൽ ഇരുത്തുകയും ചെയ്ത പാർട്ടിയാണ് കേരള കോൺഗ്രസ് (എം). യു.ഡി.എഫ് മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചുമ്മാ ഒരു തള്ള് തള്ളിയപ്പോൾ തുടങ്ങിയതാണ് കേരള കോൺഗ്രസിനെ മുന്നണി മാറ്റാനുള്ള ചിലരുടെ കുത്സിത നീക്കം. അപ്പച്ചനായ മാണിസാർ അരനൂറ്റാണ്ട് കുത്തകപ്പാട്ടം പോലെ കൈവശം വച്ച പാലാ അസംബ്ളി മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എതിരാളിയെ ഒന്നു നോവിക്കുക പോലും ചെയ്യാതെ സ്വയം കീഴടങ്ങി നിയമസഭയിൽ കയറാതെ കഴിയുന്ന പാവം ജോസ് കെ. മാണി ഇതൊന്നുമറിഞ്ഞിട്ടേ ഇല്ല. എന്നാലും എവിടെ ചെന്നാലും ചാനലുകാർ കുന്തവും പിടിച്ച് ജോസുമോന്റെ അടുത്തെത്തും. എന്നിട്ടൊരു ചോദ്യവും, എപ്പഴാ മാറുന്നതെന്ന്. അറിയുന്ന പൊന്നിൻ കുരിശുകളെയെല്ലാം തൊട്ട് ജോസുമോൻ സത്യം ചെയ്യുകയാണ് , 'ഈ മാറ്റ വാർത്ത എന്റെ വകയല്ല, എന്റെ മാറ്റം ഇങ്ങനെയല്ല" എന്ന്. കേരള കോൺഗ്രസിന്റെ ചരിത്രം അറിയുന്നവർ ഇങ്ങനെയൊക്കെ സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ എന്നത് വേറെ കാര്യം. ഇവിടെ നമ്മളൊന്നു തിരിഞ്ഞു നോക്കണം.
പിളർന്ന് വളരുന്ന പാരമ്പര്യം
1964ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട് പുറത്തേക്കു വന്ന ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടിയാണ് കേരള കോൺഗ്രസ്. മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളം സ്വദേശിയായ കെ.എം. ജോർജ്ജ് ആയിരുന്നു കേരള കോൺഗ്രസ് രൂപീകരണത്തിന് നേതൃത്വം കൊടുത്തത്. കാർഷിക മേഖലയുടെ ഉന്നമനമായിരുന്നു മുഖ്യലക്ഷ്യം. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം കൊല്ലം ജില്ലകളിൽ ഭേദപ്പെട്ട സ്വാധീനവും വടക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ അത്യാവശ്യം സ്വാധീനവുമുള്ള പാർട്ടിയായിരുന്നു കേരള കോൺഗ്രസ്. ഇതേ വർഷം തന്നെയാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അന്തരിച്ചതും. ഭൂലോക വിപ്ളവം നടപ്പാക്കാൻ ലക്ഷ്യമിട്ട് രൂപംകൊണ്ട കമ്മ്യൂണിസ്റ്ര് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പാർട്ടി നെടുകെ പിളർന്നതും അതേ വർഷമാണ്. 'തടിയുടെ വളവോ ആശാരിയുടെ ചരിവോ" എന്താണ് കാരണമെന്നറിയില്ല, കുറെ നാൾ കഴിഞ്ഞതോടെ കേരള കോൺഗ്രസിന് ചില മാറ്റങ്ങൾ വന്നുതുടങ്ങി. വെറുതെയിരിക്കുമ്പോൾ പിളരാൻ തോന്നും. ഈ സ്വഭാവം കണക്കിലെടുത്താണ് മാണിസാർ നല്ലൊരു പ്രയോഗം കണ്ടുപിടിച്ചത്, വളരും തോറും പിളരുകയും പളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന്. കേരള കോൺഗ്രസ് (എം.) ന് പിറകെ കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (ബി), കേരള കോൺഗ്രസ് (ജേക്കബ്), ജനാധിപത്യ കേരള കോൺഗ്രസ് തുടങ്ങി പല കൈവഴികളിലായി ഒഴുകുകയാണ് ഈ പാർട്ടിയുടെ പാരമ്പര്യം. ദോഷം പറയരുത്, വിത്ത് ഗുണം പത്തു ഗുണമാണല്ലോ, ഇതിലെ പല കൈവഴികളും വീണ്ടും പിളർന്ന് പരാമ്പര്യം നിലനിറുത്തുന്നുണ്ട്.
അന്ന് ശത്രു
ഇന്ന് മിത്രം
തുടർച്ചയായി നാലു പതിറ്റാണ്ടിനോടടുത്ത യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് (മാണി) ഇടതുപക്ഷം ചേർന്നത്. അതിന് അവരെ പ്രേരിപ്പിച്ച ചേതോവികാരം ഇപ്പോഴും വ്യക്തമല്ല. ചില സ്ഥാനമാനങ്ങൾക്ക് വേണ്ടിയായിരുന്നെന്നൊക്കെ ദോഷൈക ദൃക്കുകൾ പറയുന്നുണ്ട്. കെ.എം. മാണിസാറിന്റെ ബഡ്ജറ്റ് അവതരണം തടയാൻ സ്പീക്കറുടെ ചേംബറിലെ കമ്പ്യൂട്ടറുകൾ തല്ലിത്തകർത്ത് കസേര മറിച്ചിട്ട ഇ.പി. ജയരാജനും സ്പീക്കറുടെ ചേംബറിലെ മേശയ്ക്ക് മുകളിൽ കയറി കേരള നടനമാടിയ വി.ശിവൻകുട്ടി മാസ്റ്ററും പ്രതിഷേധം അടക്കവയ്യാഞ്ഞ് നിയമസഭാ വാച്ച് ആൻഡ് വാർഡിന്റെ ഉടുപ്പു വലിച്ചുകീറിയ തോമസ് ഐസക്കുമെല്ലാം ചേർന്നാണ് അന്ന് ജോസുമോനെയും കൂട്ടരെയും സ്വീകരിച്ചത്. അപ്പച്ചൻ മാണിസാർ അരനൂറ്റാണ്ടോളം കാത്തുസൂക്ഷിച്ച പാലാ മണ്ഡലത്തിൽ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജോസുമോൻ തോറ്റെങ്കിലും മറ്ര് മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ വിശ്വസ്തരെല്ലാം ജയിച്ചു. ഓർക്കാപ്പുറത്ത് റോഷി അഗസ്റ്രിന് മന്ത്രിക്കസേരയും കിട്ടി. നോക്കുകൂലിക്കാരെ പോലെ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ പാർട്ടി അദ്ധ്യക്ഷ പദവുമായി സസുഖം കഴിയുന്ന ജോസുമോനെ ഇപ്പോൾ മുന്നണി മാറ്റണമെന്നത് ആരുടെ കുത്തിത്തിരിപ്പെന്നാണ് അഭ്യുദയകാംക്ഷികൾ ചോദിക്കുന്നത്. കേരള കോൺഗ്രസ് ഒരു സുന്ദരിക്കുട്ടിയാണെന്നും കണ്ടാൽ ആരുമൊന്നു നോക്കുമെന്നുമൊക്കെ പണ്ട് മാണിസാർ തന്നെ പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിലെ ആരെങ്കിലും കള്ളക്കണ്ണിട്ടു നോക്കുന്നുണ്ടോ എന്നതാണ് സംശയം. പ്രത്യേകിച്ച് തിരഞ്ഞെടുപ്പൊക്കെ അടുത്തുവരുന്നു.
ജ്യോതിഷ വിധി പ്രകാരം എൽ.ഡി.എഫിന് ഇപ്പോൾ അത്ര നല്ല സമയമല്ല. അപ്രതീക്ഷിതമായ പലവിധ വ്യാധികൾ സർക്കാരിനെ വേട്ടയാടുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സൂചകമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് ചിലർ ഭീതിപ്പെടുത്തുന്നുമുണ്ട്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഒരു സ്ഥാനഭ്രംശം കേരള കോൺഗ്രസിന് സംഭവിച്ചേക്കുമോ എന്ന സംശയവും ചില ജ്യോതിഷികൾ ഉന്നയിക്കുന്നുണ്ട്. കക്ഷത്തിലിരിക്കുന്നത് പോകാതെ ഉത്തരത്തിലിരിക്കുന്നത് എടുക്കാനുള്ള സൂത്രവിദ്യ ജോസുമോന് ഒട്ടു വശവുമില്ല. ഇതൊക്കെയാണെങ്കിലും തങ്ങളെ കണ്ടുകൊണ്ട് ആരും കലത്തിൽ വെള്ളം വയ്ക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഇതു കൂടി കേൾക്കണേ
രാഷ്ട്രീയത്തിൽ സ്ഥിരമായി ആരും ശത്രുക്കളല്ല. മിത്രങ്ങളുമല്ല. ഈ സിദ്ധാന്തം അത്ര മോശപ്പെട്ടതല്ലാത്തിനാലാണല്ലോ യു.ഡി.എഫ് വിട്ട് കേരള കോൺഗ്രസ് ഇങ്ങ് ഇടതുപക്ഷത്തേക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |