കൊച്ചി: വൈപ്പിൻ ചെറായി രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ നിന്ന് ഇതുവരെ വിമാനം പറത്താൻ അവസരം ലഭിച്ചവരുടെ എണ്ണം 50 തികഞ്ഞു. വ്യോമസേനയുടെ '3 കേരള എയർ സ്ക്വാഡ്രന്റെ" ഭാഗമായ എൻ.സി.സി കേഡറ്റുകളാണ് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പൈലറ്റായത്. റോഡിൽ വാഹനമോടിക്കാനുള്ള പ്രായം തികയും മുമ്പേ വിമാനം പറപ്പിക്കാൻ അവസരം കിട്ടിയവരിൽ പെൺകുട്ടികളുമുണ്ട്.
ഓരോ വർഷവും കേഡറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് കൊച്ചി നാവിക താവളത്തിൽ മൈക്രോലൈറ്റ് സെൻ എയർക്രാഫ്റ്റ് വിമാനത്തിൽ പറക്കൽ പരിശീലനം നൽകും. ചെറുവിമാനത്തിലെ രണ്ടുപേർക്ക് ഇരിക്കാവുന്ന കോക്ക്പിറ്റിൽ കമാൻഡിംഗ് ഓഫീസർക്കൊപ്പം ഓരോ വിദ്യാർത്ഥിക്കും 20 മിനിട്ട് വീതമാണ് പരിശീലനം. എയർ ക്രാഫ്റ്റിനെക്കുറിച്ച് വിശദമായ ക്ലാസുകളും ലഭിക്കും.
എൻ.സി.സിയിലെ അംഗങ്ങൾക്കെല്ലാം റൈഫിൾ ഷൂട്ടിംഗ് ഉൾപ്പെടെ വിവിധ പരിശീലനങ്ങളുമുണ്ട്.
2013ലാണ് രാമവർമ്മ സ്കൂളിൽ എയർഫോഴ്സ് എൻ.സി.സി യൂണിറ്റ് ആരംഭിച്ചത്. ഈ വർഷം പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടവർ അധികൃതരുടെ അറിയിപ്പിന് കാത്തിരിക്കുകയാണ്.
ഹൈസ്കൂൾ ക്ലാസിൽ എൻ.സി.സി പരീക്ഷ വിജയിക്കുന്നവർക്ക് എ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ ബി, സി ഗ്രേഡ് സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയാൽ എഴുത്ത് പരീക്ഷയില്ലാതെ ഇന്റർവ്യൂ മാത്രം പാസായി സൈന്യത്തിന്റെ ഭാഗമാകാം.
'' ചെറുപ്രായത്തിൽ വിമാനം പറപ്പിക്കാൻ അവസരം കിട്ടുന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ കാര്യമാണ്. വിമാനത്തിൽ യാത്ര ചെയ്യുന്നതിനെക്കാൾ കൗതുകമാണ് കോക്പിറ്റിൽ ഇരുന്ന് വിമാനം പറപ്പിക്കാൻ സാധിക്കുന്നത്.''
ശിവപ്രസാദ്
ഹെഡ് മാസ്റ്റർ, എൻ.സി.സി ചാർജ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |