ഇന്ത്യ ഏറ്റവും കൂടുതൽ ഉത്‌പന്നങ്ങൾ കയറ്റി അയയ്ക്കുന്ന രാജ്യമാണ് അമേരിക്ക. 2023 - 24ൽ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 17.7 ശതമാനവും യു.എസിലേക്കായിരുന്നു. 2023 - 24നെ അപേക്ഷിച്ച് കയറ്റുമതിയിൽ 11.8 ശതമാനവും ഇറക്കുമതിയിൽ 7.4 ശതമാനവും വർദ്ധനവുണ്ടായി. ഇരു രാജ്യങ്ങളും തമ്മിൽ പുതിയ ഒരു വമ്പൻ വ്യാപാരക്കരാറിന്റെ വക്കിലാണ്. പ്രതിവർഷ വ്യാപാരം 50,000 കോടി ഡോളറായി വർദ്ധിപ്പിക്കാനാണ് പുതിയ കരാർ ലക്ഷ്യമിടുന്നത്. ഈ സന്ദർഭത്തിൽ ഇന്ത്യയും അംഗമായ ബ്രിക്‌സ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായ ഭീഷണി മുഴക്കിയിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാട് തികച്ചും അപലപനീയമാണ്. ബ്രിക്‌സ് സഖ്യത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് പത്തു ശതമാനം അധിക നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
ബ്രസീലിലെ റിയോഡിജനീറോയിൽ നടന്ന 17-ാം ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു. ഈ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് ട്രംപ് തീരുവ കൂട്ടുമെന്ന ഭീഷണി മുഴക്കിയത്. അതാകട്ടെ സാമ്പത്തിക കാരണങ്ങളാലല്ല, മറിച്ച് രാഷ്ട്രീയ കാരണങ്ങളാലാണെന്നത് പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ ഇറാനിലെ അമേരിക്കൻ ആക്രമണങ്ങളെ അമേരിക്കയുടെ പേരെടുത്തു പറയാതെ അപലപിച്ചിരുന്നു. ഇതുകൂടാതെ അന്താരാഷ്ട്ര വ്യാപാര സംഘടനയുടെ ചട്ടങ്ങളെ മാനിക്കാതെയുള്ള ഏകപക്ഷീയമായ തീരുവ ഉയർത്തലിനെ വിമർശിക്കുകയും ലോക വ്യാപാര രംഗത്ത് ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ബ്രിക്സ് ഉച്ചകോടി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇറാനിൽ ജൂൺ 13 മുതൽ നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്ര സഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. മാത്രമല്ല യു.എൻ രക്ഷാസമിതിയുടെ അംഗീകാരമില്ലാത്ത ഉപരോധങ്ങളെ പിന്തുണയ്ക്കില്ലെന്ന് ബ്രിക്സ് രാജ്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. ചൈനയും ഇന്ത്യയും ഉൾപ്പെട്ട ബ്രിക്സ് സഖ്യത്തിന്റെ ഗതി അമേരിക്കയുടെ അപ്രമാദിത്വത്തെ ചോദ്യംചെയ്യുന്നതാണെന്ന് തുടക്കം മുതൽ സംശയിച്ചിരുന്ന അമേരിക്കയ്ക്ക് സംയുക്ത പ്രസ്താവന വലിയ ആഘാതമായി മാറിയിരുന്നു. അതിനു പിന്നാലെയാണ് ഇഷ്ടമില്ലാത്തവർക്കെതിരെ ട്രംപ് പ്രയോഗിക്കുന്ന തുരുമ്പുപിടിച്ച സാമ്പത്തിക ആയുധമായ ചുങ്ക വർദ്ധനവ് ബ്രിക്സ് രാജ്യങ്ങൾക്കെതിരെ ഉയർത്തിയിരിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ഏകപക്ഷീയമായ സാമ്പത്തിക നടപടികൾ സ്വീകരിച്ചിട്ടുള്ള ഏതു രാജ്യവും അതിന്റെ തിക്തഫലം പിന്നീട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
ഏതൊരു വ്യാപാരത്തിനും- അത് രാജ്യങ്ങൾ തമ്മിലുള്ളതായാലും അതിന്റേതായ സാമ്പത്തിക ചിട്ടവട്ടങ്ങളും പരിധികളുമുണ്ട്. ഇതിൽ സ്വന്തം ലാഭം മാത്രം നോക്കി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നത് ഫലത്തിൽ ആ വ്യാപാരത്തിന്റെ തന്നെ തകർച്ചയ്ക്കേ ഇടയാക്കൂ. ചൈനീസ് ഇറക്കുമതിക്കുള്ള തീരുവ അശാസ്ത്രീയമായി ഉയർത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചപ്പോൾ അമേരിക്കൻ ഇറക്കുമതിക്ക് അതേപോലെ തീരുവ ഉയർത്തുമെന്നാണ് ചൈന പ്രഖ്യാപിച്ചത്. തുടർന്നാണ് 90 ദിവസത്തേക്ക് തീരുവ ഉയർത്തൽ അമേരിക്ക നിറുത്തിവച്ചത്. തീരുവ ഉയർത്തി അമേരിക്ക വഴിയടച്ചാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു മുന്നിൽ ഒന്നിനു പകരം ഒൻപതു വഴികൾ തുറന്നുവരും. ഈ യാഥാർത്ഥ്യം മനസിലാക്കാതെയുള്ള ട്രംപിന്റെ ഫ്യൂഡലിസ്റ്റിക് സ്വഭാവമുള്ള ചുങ്കയുദ്ധം വെറും വങ്കത്തരമാണെന്നു തന്നെ പറയേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |