പത്തനംതിട്ട: വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട കോന്നി തണ്ണിത്തോട് അടവി ഇക്കോ ടൂറിസത്തിലെ കുട്ടവഞ്ചി സവാരി അപകട വക്കിൽ. കാലപ്പഴക്കത്താൽ കേടായ കുട്ടവഞ്ചികളിലാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. മുളകൊണ്ട് നിർമ്മിച്ച 25 കുട്ടവഞ്ചികൾ ഉണ്ടെങ്കിലും ആറെണ്ണം മാത്രമാണ് സവാരി നടത്തുന്നത്. ബാക്കിയെല്ലാം കട്ടപ്പുറത്തായി.
കുട്ടവഞ്ചികളുടെ വക്കുകൾ ഒടിഞ്ഞ് ദ്രവിച്ചു. സീറ്റുകൾ നശിച്ചു. തുഴകൾ പഴകി. കുട്ടവഞ്ചികൾ മഴയും വെയിലുമേറ്റ് നശിക്കാതിരിക്കാൻ ഷെഡുകളില്ല. ഒരു കുട്ടവഞ്ചി പരമാവധി ഏഴുമാസം വരെയാണ് ഉപയോഗിക്കാനാവുക. ഇവിടത്തെ വഞ്ചികൾക്ക് ഒരു വർഷത്തിലേറെ പഴക്കമുണ്ട്.
വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ അഞ്ച് ഹട്ടുകളുണ്ടെങ്കിലും അറ്റകുറ്റപ്പണി നടക്കാറില്ല. താമസ യോഗ്യമല്ലാത്തതിനാൽ രണ്ടെണ്ണം അടച്ചു. കല്ലാറിലൂടെ കാനനഭംഗി ആസ്വദിച്ചുള്ള കുട്ടവഞ്ചി യാത്ര ഏറെ ആസ്വാദ്യകരമാണ്. അതിനാൽ ഏറെ വിനോദ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. വനംവകുപ്പിനാണ് നേതൃത്വം.
പണം അടച്ചില്ല, പുതിയ
വഞ്ചികൾ വാങ്ങാനായില്ല
1.പുതിയ കുട്ടവഞ്ചികൾ കർണാടകയിലെ ഹൊഗനക്കലിൽ നിന്ന് വാങ്ങാനുള്ള തീരുമാനം നടപ്പായില്ല. 25 എണ്ണം വാങ്ങാനുള്ള ഒാർഡർ നൽകിയെങ്കിലും വനംവകുപ്പ് പണം അടയ്ക്കാത്തതിനാൽ നിർമ്മാണം നടന്നില്ല
2.ഒരെണ്ണത്തിന് 11,000 രൂപയാണ് വില. വനംവകുപ്പിന്റെ അനാസ്ഥയെ തുടർന്ന് ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കുട്ടവഞ്ചി സവാരി ഇപ്പോൾ പ്രതിസന്ധിയിലാണ്
സമരം ചെയ്ത്
തൊഴിലാളികൾ
ദിവസ വേതനക്കാരായ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി
ഉൾപ്പെടെ അനുവദിക്കണമെന്നും പുതിയകുട്ടവഞ്ചികൾ വാങ്ങണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ വനംവകുപ്പിന് നിവേദനം നൽകിയിരുന്നു. പിന്നാലെ അറുപത് വയസ് തികഞ്ഞ തൊഴിലാളികൾ സ്വയം ഒഴിഞ്ഞു പോകണമെന്ന അസാധാരണ ഉത്തരവിറക്കി. താെഴിലാളികൾ സമരം ചെയ്തതിനെ തുടർന്ന് മേയിൽ പന്ത്രണ്ട് ദിവസം കേന്ദ്രം അടഞ്ഞുകിടന്നു. പിന്നാലെ തീരുമാനം പിൻവലിച്ചു. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഉറപ്പുനൽകി.
20,000
ഒരു വർഷം എത്തുന്ന
വിനോദ സഞ്ചാരികൾ
''കർണാടകയിലെ ഹൊഗനക്കലിൽ നിന്നാണ് കുട്ടവഞ്ചി വാങ്ങുന്നത്. അവിടെ ഒരു ഏജൻസി മാത്രമാണ് നിർമ്മിക്കുന്നത്. അവരുമായി ചർച്ചകൾ നടക്കുകയാണ്.
-ആയുഷ് കുമാർ ഖോറി,
കോന്നി ഡി.എഫ്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |