കൊച്ചി: ഈ വർഷത്തെ കീം പ്രോസ്പെക്ടസ് ഫെബ്രുവരി 19നാണ് ഇറക്കിയത്. 2011 മുതൽ തുടരുന്ന മാനദണ്ഡമാണ് സ്വീകരിച്ചത്. അതേസമയം കാതലായ മാറ്റം വരുത്തിയായിരുന്നു ഫലപ്രഖ്യാപനത്തിനു തൊട്ടു മുമ്പുള്ള ഭേദഗതി. എൻട്രൻസ്, ക്ലാസ് പരീക്ഷകളുടെ മാർക്ക് അനുപാതം 50:50ൽ നിലനിറുത്തുമ്പോൾ തന്നെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളുടെ മാർക്ക് അനുപാതം 5:3:2 ആക്കി.
സി.ബി.എസ്.ഇ അടക്കം ബോർഡുകളിൽ ഇത്രയും കാലം പിൻതുടർന്ന ഉയർന്ന മാർക്ക് രീതി മാറ്റി, സംസ്ഥാന സിലബസുകാരുടേതുമായി ഏകോപിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി മറ്റു ബോർഡുകളിൽ നിന്ന് പരീക്ഷയെഴുതിയവരുടെ റാങ്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞു. ഹർജിക്കാരിയായ ഹന ഫാത്തിമയ്ക്ക് 4209-ാം റാങ്കാണ് കിട്ടിയത്. കഴിഞ്ഞവർഷം ഇതേ മാർക്ക് കിട്ടിയ കുട്ടിക്ക് 1907-ാം റാങ്ക് കിട്ടിയിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് കോടതി വിധി.
അധികാരം ഏതു രീതിയിൽ
പ്രയോഗിക്കാമെന്നറിയണം
ഹർജിക്കാരി (ഹന ഫാത്തിമ): കഴിഞ്ഞ തവണ വരെ സി.ബി.എസ്.ഇയിൽ ബോർഡ് പരീക്ഷയ്ക്ക് ടോപ് മാർക്ക് എന്നത് 100ൽ താഴെയാണ് നിശ്ചയിച്ചിരുന്നത്. ഉദാ: ടോപ് മാർക്ക് 95, കിട്ടിയ മാർക്ക് 70 ആണെങ്കിൽ വെയ്റ്റേജ് (70/95) 73.68 ശതമാനം വരുമായിരുന്നു. എന്നാൽ ടോപ് മാർക്ക് സംസ്ഥാന സിലബസുമായി ഏകീകരിച്ച് 100 ആക്കിയപ്പോൾ ഇത് 70 ശതമാനമായി കുറയുന്നു. ഫലം പ്രസിദ്ധീകരിച്ച ദിവസമാണ് ഭേദഗതി വന്നത്. ചോദ്യം ചെയ്യാൻ അവസരം കിട്ടിയില്ല.
സർക്കാർ: പ്രോസ്പെക്ടസിൽ ഏതു സമയത്തും ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്ന് അതിൽ തന്നെ പറയുന്നുണ്ട്. ഇത് ഹൈക്കോടതി തന്നെ നേരത്തേ ശരിവച്ചിട്ടുണ്ട്.
കോടതി: അധികാരമുണ്ടെന്നത് ശരിതന്നെ. അത് ഏതു രീതിയിൽ പ്രയോഗിക്കുന്നുവെന്നതാണ് പ്രധാനം. ഫലപ്രഖ്യാപനത്തിന് ഒരു മണിക്കൂർ മുമ്പ് ഭേദഗതി കൊണ്ടുവന്നതിൽ സർക്കാരിന് എന്താണ് പറയാനുള്ളത്?
സർക്കാർ: (മൗനം പാലിക്കുന്നു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |