തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ പരമാവധി 1300 വോട്ടർമാർക്കും മുനിസിപ്പൽ പ്രദേശങ്ങളിൽ 1600 വോട്ടർമാർക്കും ഓരോ പോളിംഗ് സ്റ്റേഷൻ ക്രമീകരണമെന്ന നിർദ്ദേശത്തിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്ത് നൽകി.
കൂടുതൽ പേർ ബൂത്തിൽ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വർദ്ധിപ്പിക്കും. പോളിംഗ് ബൂത്തുകൾക്കു പുറത്ത് നീണ്ട നിരകൾ രൂപപ്പെടുന്നത് പലരും വോട്ട് ചെയ്യാൻ വരാത്ത അവസ്ഥയിലേക്ക് എത്തിച്ചേക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഗ്രാമനഗര വ്യത്യാസമില്ലാതെ, ഓരോ പോളിംഗ് സ്റ്റേഷനും പരമാവധി 1100 വോട്ടർമാരെയായിപരിമിതപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നവമിയുടെ ശസ്ത്രക്രിയ പൂർത്തിയായി
കോട്ടയം: മെഡിക്കൽ കോളേജ് ആശുപതി കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ പൂർത്തിയായി. വൈകിട്ട് നാലോടെ തിയേറ്ററിൽ നിന്ന് പുറത്തിറക്കിയ നവമിയെ മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. കഴുത്തിന് പിൻവശത്തും നട്ടെല്ലിനുമായിരുന്നു ശസ്ത്രക്രിയ. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പിതാവ് വിശ്രുതൻ, സഹോദരൻ നവനീത്, മറ്റ് ബന്ധുക്കൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. മന്ത്രി വി.എൻ.വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ തുടങ്ങിയവർ നവമിയെ സന്ദർശിച്ചു.
സമരം കണ്ടില്ലെന്ന്
നടിക്കരുത്:
ആർ.ചന്ദ്രശേഖരൻ
തിരുവനന്തപുരം: തൊഴിലാളി യൂണിയൻ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരുകൾകൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പ്രതിപക്ഷ യൂണിയനുകൾ (യു.ഡി.റ്റി.എഫ്) കേന്ദ്രസർക്കാർ ഓഫീസുകളിലേക്കു നടത്തിയ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഡ്വ: ബിന്നി, ബാബു ദിവാകരൻ,സി.പി. ജോൺ, ജി. മാഹീൻ അബൂബേക്കർ തുടങ്ങിയവർ സംസാരിച്ചു. ഏജീസ് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ജി.പി.ഒ ജംഗ്ഷനിൽ സമാപിച്ചു.
എൻ.ആർ.ഐ ക്വാട്ട തട്ടിപ്പ് :
18 കോടി പിടിച്ചെടുത്തു
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകൾ എൻ.ആർ.ഐ ക്വാട്ട പ്രവേശനത്തിന് വ്യാജ രേഖയുണ്ടാക്കുകയും കോഴ വാങ്ങുകയും ചെയ്തതായി ഇ.ഡി കണ്ടെത്തി.
ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും സ്വകാര്യ മെഡിക്കൽ കോളേജുകളിലാണ് ഇത്തരത്തിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയത്. വിവിധ കോളേജുകൾക്ക് കോഴയായി ലഭിച്ച 18 കോടിയിലേറെ രൂപ ഇ.ഡി പിടിച്ചെടുത്തു. വ്യാജരേഖ ഉപയോഗിച്ചെന്ന് കണ്ടെത്തിയെങ്കിലും കേന്ദ്ര വിദേശകാര്യ മന്ത്രാലയമോ സംസ്ഥാന സർക്കാരുകളോ ഇത്തരത്തിൽ പ്രവേശനം നേടിയവർക്കെതിരെ നടപടിയെടുത്തിട്ടില്ല.
ചില സ്വകാര്യ മെഡിക്കൽ കോളേജുകൾ എം.ബി.ബി.എസ്, എം.ഡി, എം.എസ് കോഴ്സുകളിലെ പ്രവേശനത്തിനായി എൻ.ആർ.ഐ. രേഖകൾ വ്യാജമായി ഉണ്ടാക്കാൻ ഇടനിലക്കാരുമായി ചേർന്ന് പ്രവർത്തിച്ചതായി ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തി. ഒരേ എൻ.ആർ.ഐ രേഖകൾ ഒന്നിലധികം വിദ്യാർത്ഥികൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ഇടനിലക്കാർക്ക് കോളേജുകൾ പണം നൽകിയതായാണ് ഇ.ഡി കണ്ടെത്തൽ. ഇടനിലക്കാരും കോളേജുകളും ഉദ്യോഗസ്ഥരും അടങ്ങിയ ശൃംഖലയാണ് ഇതിനു പിന്നിൽ. റാക്കറ്റിന്റെ ഭാഗമായവരെ കണ്ടെത്താനും കോഴപ്പണം പിടിച്ചെടുക്കാനുമുള്ള അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |