കൊച്ചി: സമരമെന്ന പേരിൽ സർവകലാശാലകളിൽ എസ്.എഫ്.ഐ നടത്തുന്ന ഗുണ്ടായിസത്തിന് സർക്കാരും പൊലീസും കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സർവകലാശാലകളിലേക്ക് ഇരച്ചു കയറി പ്രവർത്തനം തടസപ്പെടുത്തുകയും ജീവനക്കാരെയും വിദ്യാർത്ഥികളെയും മർദ്ദിക്കുകയും ചെയ്യുന്ന ഗുണ്ടായിസത്തിന് പൊലീസ് കൂട്ടു നിന്നു. ആരോഗ്യമന്ത്രിക്കെതിരെ സമരം ചെയ്യുന്ന യു.ഡി.എഫ് പ്രവർത്തകരെ തെരഞ്ഞു പിടിച്ച് തലയ്ക്കടിക്കുന്ന പൊലീസ് എസ്.എഫ്.ഐക്ക് കുട പിടിച്ചു. എസ്.എഫ്.ഐയെ സി.പി.എം നിയന്ത്രിക്കണം. 13 സർവകലാശാലകളിൽ 12ലും സ്ഥിരം വൈസ് ചാൻസലർമാരില്ല. നിസാരകാര്യങ്ങളുടെ പേരിൽ ഗവർണറും സർക്കാരും ഏറ്റുമുട്ടുന്നതിന്റെ ഇരകൾ വിദ്യാർത്ഥികളാണ്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളിൽ നിന്നു വഴി തിരിച്ചു വിടാനാണ് സമരാഭാസം.ഗവർണർക്കെതിരായ പ്രതിഷേധത്തിന് സർവകലാശാല ജീവനക്കാരെയാണ് തല്ലിയത്.
പേവിഷ ബാധയ്‌ക്കെതിരെ നൽകുന്ന വാക്‌സിൻ പരിശോധിക്കണം. വാക്‌സിൻ എടുത്തവരും മരിച്ചു. ശരിയായ മരുന്നാണോ പച്ച വെള്ളമാണോ നൽകുന്നതെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |