കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തെ പ്രതിരോധിക്കാൻ ജനകീയ കൂട്ടായ്മയുമായി എൽ.ഡി.എഫ്. സേവ് മെഡിക്കൽ കോളേജ് ജനകീയ കൂട്ടായ്മയുടെ ആദ്യ യോഗം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
സർക്കാർ മെഡിക്കൽ കോളേജുകൾക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരം പൊതുജനാരോഗ്യ മേഖലയെ തകർത്ത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ജനകീയ കൂട്ടായ്മ തുടർ വിശദീകരണ യോഗം നടത്തും. ഉമ്മൻചാണ്ടി ഭരണത്തിൽ കെട്ടിടം അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട് ഉണ്ടായിട്ടും പണം അനുവദിച്ചില്ല. ഒമ്പതുവർഷത്തിനിടെ 1165 കോടിയുടെ വികസന പദ്ധതികളാണ് എൽ.ഡിഎഫ് സർക്കാർ മെഡിക്കൽ കോളേജിൽ നടപ്പാക്കിയത്.
പുതിയ സർജിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് മുൻപ് വാർഡുകൾ മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയായിരുന്നു ദൗർഭാഗ്യകരമായ അപകടം. ബിന്ദുവിന്റെ കുടുംബം ആവശ്യപ്പെട്ട മൂന്നുകാര്യങ്ങൾക്കപ്പുറം സർക്കാർ ചെയ്ത് കൊടുക്കും. ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ അടിയന്തരമായി ഇന്നലെ നടത്തി. മകൻ നവനീതിന് സ്ഥിരം ജോലി നൽകും. വീടിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ 12.80 ലക്ഷം അനുവദിച്ചു. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം അടുത്ത മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |