തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെപ്പോലെ കേരളസർവ്വകലാശാല ആസ്ഥാനത്ത് ഇന്നും പ്രതിഷേധവും സംഘർഷവും. എഐഎസ്എഫ് അകത്തും ഡിവൈഎഫ്ഐ പുറത്തുമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് എഐഎസ്എഫ് പ്രവർത്തകർ സർവകലാശാലയ്ക്കുള്ളിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പൊലീസിനെ മറികടന്ന് സർവകലാശാലാ മന്ദിരത്തിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. പ്രകടനമായെത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് സർവകലാശാലാ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിന് പിന്നാലെ അക്രമാസക്തരായ പ്രവർത്തകർ പൊലീസിനെയും പൊലീസ് വാഹനങ്ങളെയും ആക്രമിക്കുകയായിരുന്നു. പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു നീക്കി.
അതിനിടെ, വിസി മോഹനൻ കുന്നുമ്മലിനെ വെല്ലുവിളിച്ചുകൊണ്ട് കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ ഓഫീസിൽ എത്തി. അനിൽ കുമാർ ഓഫീസിലെത്തിയാൽ തടയണമെന്ന് വി സി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശിച്ചിരുന്നു. എന്നാൽ അവരത് പാലിച്ചില്ല.
റഷ്യയിൽ നിന്ന് തിരിച്ചെത്തിയ ഡോ. മോഹനൻ കുന്നുമ്മൽ ഇന്നലെ ഡോ. സിസാ തോമസിൽ നിന്ന് ചുമതല ഏറ്റെടുത്തു. ഇതിനുപിന്നാലെയാണ് അനിൽകുമാർ ഓഫീസിൽ കയറുന്നത് വിലക്കിയത്. അനിൽ കുമാർ ഓഫീസിലെത്തി ഫയൽനോക്കുന്ന സാഹചര്യത്തിലാണ് വിസി അദ്ദേഹത്തെ വിലക്കിയത്. ലംഘിച്ചാൽ അതിക്രമിച്ചു കടക്കലായി കണക്കാക്കി നടപടിയെടുക്കുമെന്നും നോട്ടീസിൽ അറിയിച്ചിരുന്നു.
നോട്ടീസിന് പിന്നാലെ ഡോ. അനിൽകുമാർ ചികിത്സാ ആവശ്യത്തിന് ദീർഘകാല അവധിക്ക് അപേക്ഷിച്ചെങ്കിലും വി സി അതും തള്ളി. സസ്പെൻഷനിലായതിനാൽ അവധിക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. രജിസ്ട്രാറുടെ ചുമതല പരീക്ഷാ കൺട്രോളർക്കോ കാര്യവട്ടം ക്യാമ്പസിലെ ജോയിന്റ് ഡയറക്ടർക്കോ നൽകണമെന്ന് അവധിക്കത്തിലുണ്ടായിരുന്നു. അവധിയപേക്ഷ നിരസിച്ചതിനുപിന്നാലെ, സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയതാണെന്ന് വി സിക്ക് ഡോ.അനിൽകുമാർ ഇമെയിലയച്ചു. സസ്പെൻഷൻ പരിശോധിക്കേണ്ടത് സിൻഡിക്കേറ്റാണ്. ഹൈക്കോടതിയും ഉചിതമായ ഫോറം പരിശോധിക്കാനാണ് നിർദേശിച്ചതെന്നും മെയിലിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |