ആരെ സഹായിക്കാനായാലും നല്ല ഉദ്ദേശ്യത്തോടുകൂടി ചെയ്യുന്നതായാലും അതിന് നിയമത്തിന്റെ അടിസ്ഥാനമില്ലെങ്കിൽ കോടതിയിൽ തിരിച്ചടി നേരിടും. ഇതറിയാത്ത ആളുകളൊന്നുമല്ല സർക്കാരിന്റെ ഉന്നത തസ്‌തികകളിൽ ഇരിക്കുന്നവർ. എന്നാൽ അപ്പപ്പോൾ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മർദ്ദത്താൽ നിയമവിരുദ്ധമെന്ന് ബോദ്ധ്യമുണ്ടെങ്കിൽക്കൂടിയും അക്കാര്യം രേഖപ്പെടുത്താതെ ചില നടപടികൾ ഉദ്യോഗസ്ഥർ കൈക്കൊള്ളും. അത്തരം നടപടികളാണ് കോടതികളുടെ മുന്നിലെത്തുമ്പോൾ ശിഥിലമാവുകയും തിരിച്ചടിയായി മാറുകയും ചെയ്യുന്നത്. കേരള എൻജിനിയറിംഗ് എൻട്രൻസ് എന്ന കീം ഫലം ഹൈക്കോടതി സിംഗിൾ ബെഞ്ചും അപ്പീലിൽ ഡിവിഷൻ ബെഞ്ചും റദ്ദാക്കിയതിനും സമാനമായ ഒരു പശ്ചാത്തലമുണ്ട്.
പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചതിനു ശേഷം അതിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായി തീരുമാനങ്ങളെടുക്കുകയും പ്രവേശന നടപടി നടത്തുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമായി വിധിച്ചിട്ടുള്ളതാണ്. കേരളത്തിലെ കീം ഫലം പ്രഖ്യാപിച്ചത് പ്രോസ്‌പെക്ടസിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ അനുസരിച്ചല്ല. സംസ്ഥാന സിലബസുകാരെ സഹായിക്കാൻ വെയിറ്റേജ് സ്കോർ നിർണയത്തിനുള്ള പുതിയ ഫോർമുല, ഫലപ്രഖ്യാപനത്തിന് ഒരുമണിക്കൂർ മുമ്പാണ് കൊണ്ടുവന്നത്. പ്രോസ്‌പെക്ടസിൽ തന്നെ ഇത്തരമൊരു ഫോർമുലയുടെ അടിസ്ഥാനത്തിലാവും പ്രവേശനമെന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ കോടതി ഇത് റദ്ദാക്കുമായിരുന്നില്ല. എഴുതപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതികൾ മുന്നിൽ വരുന്ന വിഷയങ്ങൾ പരിഗണിക്കുന്നത്. 2011 മുതൽ തുടരുന്ന പ്രോസ്‌പെക്ടസ് പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നാണ് വിധി. ആയിരക്കണക്കിന് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ആകാംക്ഷയോടെ ഉറ്റുനോക്കിയിരിക്കുന്നതാണ് എൻട്രൻസ് ഫലവും അതിൻ പ്രകാരമുള്ള പ്രവേശന നടപടികളും. അതെങ്കിലും അവ്യക്തതയ്ക്ക് ഇടനൽകാതെ നേരെ ചൊവ്വെ നടത്താൻ കഴിയാത്തത് കഷ്ടമാണെന്നല്ലാതെ എന്തു പറയാൻ.
പുതിയ മാർക്ക് നിർണയ രീതിക്കെതിരെ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. റാങ്ക് നിലനിറുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സിലബസ് വിദ്യാർത്ഥികളുടെ ഹർജികളും എത്തിയിരുന്നു. വൈകിയ വേളയിലെ ഫോർമുല കാരണം റാങ്ക് ലിസ്റ്റിൽ പിന്നിലായെന്നാണ് സി.ബി.എസ്.ഇക്കാർ ഉദാഹരണ സഹിതം വാദിച്ചത്. ജൂൺ ഒന്നിനായിരുന്നു ഫലപ്രഖ്യാപനം. 14 കൊല്ലമായി തുടരുന്ന രീതി അതേപടി ഇക്കൊല്ലവും തുടർന്നിരുന്നെങ്കിൽ കുട്ടികൾക്ക് കോടതി കയറിയിറങ്ങേണ്ടിവരില്ലായിരുന്നു. അഥവാ, രീതി മാറ്റണമെന്നുണ്ടെങ്കിൽ അത് ചാടിപ്പിടിച്ച് അവസാന നിമിഷമല്ല ചെയ്യേണ്ടിയിരുന്നത്. നേരത്തേകൂട്ടി പുതിയ ഫോർമുല തയ്യാറാക്കി, ചർച്ചകൾ നടത്തി, പരാതികൾ ദുരീകരിച്ച് കൃത്യമായി പ്രോസ്പെക്ടസിൽ അത് വിശദീകരിച്ച് വ്യക്തമാക്കിയിരുന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നു.
കീം ഫലം റദ്ദാക്കിയതിൽ വലയുന്നത് പുതിയ ഫോർമുലയ്ക്ക് രൂപം നൽകിയവരല്ല; എൻട്രൻസിന്റെ ഭാഗമായ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് .സർക്കാരിന്റെ കീം ഫലം അനുസരിച്ച് പ്രവേശനം കിട്ടുമെന്ന് ഉറപ്പാക്കിയിരുന്നവർക്കു പോലും പുതിയ ഫലം പ്രഖ്യാപിച്ചാൽ എന്താവും ഫലമെന്നതിനെപ്പറ്റി ഒരു പിടിയുമില്ലാതായിരിക്കുകയാണ്. എല്ലാവർക്കും നീതി ഉറപ്പാക്കുന്നതാണ് പുതിയ ഫോർമുല എന്നും ഭേദഗതിക്ക് പ്രോസ്‌പെക്ടസിൽ വ്യവസ്ഥയുണ്ടെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറയുന്നത്. എന്നാൽ ഇക്കാര്യം കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിൽ സർക്കാർ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതും മന്ത്രി വിശദീകരിക്കേണ്ടതാണ്. പ്രവേശനം വൈകിയാൽ വിദ്യാർത്ഥികൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |