ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ടെത്തുന്ന മുൻകൂർ ജാമ്യാപേക്ഷകളിൽ വാദം കേൾക്കുന്ന കേരള ഹൈക്കോടതിയുടെ പ്രവണത ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.
2024 ജൂലായ് 1 മുതൽ 2025 സെപ്‌തംബർ 1 വരെ കേരള ഹൈക്കോടതിയിൽ 9215 മുൻകൂർ ജാമ്യാപേക്ഷകളാണ് എത്തിയത്. ഇതിൽ കീഴ്ക്കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയിലെത്തിയത് 7449 പേർ. ഇവരിൽ 3286 പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. അമിക്കസ് ക്യൂറിമാരായ സിദ്ധാർത്ഥ് ലൂത്ര, ജി. അരുദ്ര റാവു എന്നിവർ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമപ്രകാരം മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെയാണ് ആദ്യം സമീപിക്കേണ്ടതെന്നും, അക്കാര്യത്തിൽ സുപ്രീംകോടതി മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. നേരിട്ട് ഹൈക്കോടതിയെ സമീപിക്കാൻ കഴിയുന്ന അസാധാരണ സാഹചര്യങ്ങളുണ്ടെങ്കിൽ അവ മാർഗനിർദ്ദേശത്തിൽ വിശദീകരിക്കണം. കേരളത്തിൽ മുൻകൂർ ജാമ്യാപേക്ഷകളിലെ 80 ശതമാനവും ഹൈക്കോടതിയിലാണ് സമർപ്പിക്കപ്പെടുന്നതെന്ന് കേരള ഹൈക്കോടതിക്ക് വേണ്ടി ഹാജരായ അഡ്വ. വി. ചിദംബരേഷ് അറിയിച്ചു. കേസ് നവംബറിൽ പരിഗണിക്കും. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലുമില്ലാത്ത പ്രവണതയാണെന്ന് സുപ്രീംകോടതി നേരത്തെ വിമർശിച്ചിരുന്നു. കേരളത്തിലെ പോക്‌സോ കേസ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിഷയം ഉയർന്നുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |