യുവതിയെ കൊല്ലാനും മടിക്കില്ലെന്ന് ഫോൺ സംഭാഷണം
കോഴിക്കോട്: കേരളം തിരിച്ചുപിടിക്കാനുള്ള അവസരം കളങ്കാരോപിതനെ സംരക്ഷിച്ച് കളഞ്ഞുകുളിക്കരുതെന്ന് ഹൈക്കമാൻഡ് താക്കീത് ചെയ്തതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനവും തുലാസിലായി. പാർട്ടിയാണ് വലുത്. ക്ലീൻ ഇമേജുമായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന കർശന നിർദ്ദേശമാണ് സംസ്ഥാന നേതൃത്വത്തിന് കിട്ടിയത്.
പിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിലപാട് കടുപ്പിച്ചത് രാഹുലിനെ പാർട്ടി കൈവിടുന്നതിന്റെ സൂചനയാണ്. ഗർഭഛിദ്ര ആരോപണത്തിൽ യുവതിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്നലെ പുറത്തുവന്നത് കുരുക്ക് മുറുക്കി. നിന്നെ കൊല്ലാൻ കുറച്ചു സെക്കൻഡുകൾ മതിയെന്ന ഭീഷണി വരെ അതിലുണ്ട്. അതിനിടെ, ആരോപണമുയർന്നപ്പോൾ തന്നെ രാഹുൽ പാർട്ടി പദവി ഒഴിഞ്ഞില്ലോയെന്നു പറഞ്ഞ് പ്രതിരോധിക്കാൻ ഷാഫി പറമ്പിൽ ശ്രമിച്ചു. എന്നാൽ, രാജി ഒന്നാംഘട്ടം മാത്രമെന്ന് സതീശൻ തുറന്നടിച്ചു. പരാതികളെല്ലാം പാർട്ടി ഗൗരവമായി പരിശോധിക്കും. തെറ്റ് ബോദ്ധ്യപ്പെട്ടാൽ കടുത്ത നടപടിയുമെടുക്കും. മുസ്ളിംലീഗ് ഉൾപ്പെടെ ഘടകകക്ഷി നേതാക്കളോടും സതീശൻ നിലപാട് അറിയിച്ചതായാണ് വിവരം.
രാഹുലിനെ പാലക്കാടിറക്കി സീറ്റ് നിലനിറുത്തുന്നതിന് ചുക്കാൻ പിടിച്ചത് സതീശനാണ്. രാഹുലിനെതിരെ പരാതിപ്പെട്ട സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചാൽ പാർട്ടി കൂടെയുണ്ടാവില്ലെന്ന് വി.കെ.ശ്രീകണ്ഠനുൾപ്പെടെ താക്കീതും സതീശൻ നൽകി. നേതാക്കൾ കളങ്കരഹിതരാവണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപനും നിലപാടറിയിച്ചു.
ഇനിയും ചുമന്നാൽ ആകെ നാറും
തദ്ദേശ തിരഞ്ഞെടുപ്പ് പടിക്കലെത്തിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുപിന്നാലെയുണ്ട്. വരിവച്ചു വരുന്ന സ്ത്രീവിഷയ ആരോപണം തിരഞ്ഞെടുപ്പിനെ ബാധിക്കും വിധം വളർത്താൻ മുതിർന്ന നേതാക്കൾ തയ്യാറല്ല. ഷാഫിയും ശ്രീകണ്ഠനും കുറച്ച് സൈബർ പോരാളികളുമൊഴിച്ചാൽ പ്രമുഖ നേതാക്കളാരും രാഹുലിന് സംരക്ഷണ വലയമൊരുക്കാൻ മുതിരാത്തത് ഇതുകൊണ്ടാണ്. ഇടത് എം.എൽ.എമാർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ രാജിയുണ്ടായില്ലല്ലോ എന്ന ന്യായീകരണത്തിൽ പിടിച്ചുതൂങ്ങിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. കളങ്കിതർക്കൊപ്പം നിൽക്കരുതെന്ന നിർദ്ദേശം രാഹുൽ ഗാന്ധിയടക്കം നൽകിയെന്നാണ് വിവരം. രാഹുലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും കോൺഗ്രസ് സന്മാർഗത്തിനൊപ്പമെന്നാണ് പറഞ്ഞത്.
ന്യായീകരിക്കാൻ വീണ്ടും ശ്രമം, വിലക്കി നേതൃത്വം
എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നത് ആലോചനയിലേ ഇല്ലെന്ന് രാഹുൽ ഇന്നലെ രാവിലെ അടൂരിലെ വീട്ടിൽ വച്ച് വാർത്താ ചാനലിനോട് പ്രതികരിച്ചു
ഉച്ചയോടെ ഫോൺ സംഭാഷണം പുറത്ത്. ഗർഭഛിദ്രത്തിന് തയ്യാറല്ലെന്ന് യുവതി ആവർത്തിക്കുമ്പോൾ, തന്റെ ഇമേജ് തകർത്താൽ കൊല്ലുമെന്ന് ഭീഷണി
പിന്നാലെ, മാദ്ധ്യമങ്ങളെ വീട്ടിൽ കാണുമെന്ന് രാഹുലിന്റെ അറിയിപ്പ്. പാർട്ടിയെ കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണെന്ന് തിരിച്ചറിഞ്ഞ നേതാക്കാൾ ഇടപെട്ട് വിലക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |