കൊച്ചി: എം.എസ്.സി എൽസ-3 കപ്പൽ മുങ്ങിയതിൽ സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന 9,531 കോടി രൂപ താങ്ങാനാകാത്തതാണെന്ന് കപ്പൽ കമ്പനി. തുടർന്ന് എത്ര തുക കെട്ടിവയ്‌ക്കാനാകുമെന്ന് അറിയിക്കാൻ സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ എം.എസ്.സി കമ്പനിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അതുവരെ വിഴിഞ്ഞം തുറമുഖത്തുള്ള എം.എസ്.സി അകിറ്റേറ്റ - 2 എന്ന കപ്പലിന് തീരം വിടാനാകില്ലെന്നും ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കിം വ്യക്തമാക്കി.
എൽസ-3 മുങ്ങിയതിനെ തുടർന്ന് പരിസ്ഥിതിക്കടക്കം ഉണ്ടായ നാശത്തിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടാണ് കോടതിയുടെ പരിഗണനയിലുള്ളത്. കപ്പൽ കമ്പനിയുടെ നിലപാട് അറിയാൻ ഹർജി ആഗസ്റ്റ് 6ലേക്ക് മാറ്റി.
കടലിൽ എണ്ണ പരന്നിട്ടില്ലെന്നും പരിസ്ഥിതി നാശത്തിന്റെ പേരിൽ വലിയ തുകയാണ് സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നതെന്നുമാണ് കപ്പൽ കമ്പനിയുടെ പ്രധാന വാദം. ഒരു നോട്ടിക്കൽ മൈലിൽ പടർന്ന ഓയിൽ പൂർണമായും നീക്കിയിട്ടുണ്ട്. കപ്പൽ 12 നോട്ടിക്കൽ മൈലിനു പുറത്തായതിനാൽ സർക്കാരിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യാനാകില്ല. ലോകത്തിലെ തന്നെ വലിയ കപ്പൽ കമ്പനിയാണ് തങ്ങളുടേത്. നഷ്ടപരിഹാരത്തിന്റെ പേരിൽ കപ്പലുകൾ അറസ്റ്റ് ചെയ്യുന്നത് കേരളത്തിന്റെ താത്പര്യത്തിന് എതിരാകുമെന്നും എം.എസ്.സിയുടെ അഭിഭാഷകൻ വാദിച്ചു. കപ്പൽ കമ്പനി മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടി. എം.എസ്.സി കമ്പനിയുടെ കപ്പലുകൾ വേറെയും വരുന്നുണ്ട്. അവർ ഓടിപ്പോകില്ലല്ലോ. കമ്പനി വിഴിഞ്ഞം തുറമുഖം ഒഴിവാക്കും എന്ന് കരുതുന്നുണ്ടോ എന്ന് കോടതി സർക്കാരിനോട് വാക്കാൽ ചോദിച്ചു.
തുക ആര് നൽകും?
കപ്പൽ മുങ്ങിയത് മലിനീകരണത്തിന് ഇടയാക്കുമെന്നതിൽ തർക്കമില്ലെന്ന് കോടതി പറഞ്ഞു. അത് എത്രത്തോളം എന്നേ അറിയാനുള്ളൂ. സർക്കാർ ആവശ്യപ്പെടുന്നത് ഉയർന്ന തുകയാണെന്ന് പറയുമ്പോൾ എത്ര തുക കെട്ടിവയ്‌ക്കാമെന്ന് കപ്പൽ കമ്പനി പറയണം. ഇന്ത്യൻ തീരത്താണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. എങ്ങനെയാണ് നഷ്ടപരിഹാരം നൽകുക എന്നതും അറിയിക്കണം. കപ്പൽ കമ്പനിയാണോ ഇൻഷ്വറൻസ് കമ്പനിയാണോ നൽകുന്നതെന്നും അറിയിക്കണം. രേഖകൾ ഹാജരാക്കിയാൽ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ പ്രാഥമിക നിഗമനത്തിൽ എത്താമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |