കൊച്ചി: ആഡംബര കാർ കമ്പനിയിൽ ഒരു ജോലിയാണ് എറണാകുളം തിരുവാണിയൂർ സ്വദേശി ബിബിൻ ചാക്കോയുടെ സ്വപ്നം. അതിലേക്കുള്ള ചവിട്ടുപടിയായി ലംബോർഗിനി മാതൃകയിൽ സ്വന്തമായി ഒരു കാർ രൂപകല്പന ചെയ്ത് നിർമ്മിച്ചു ഈ 26കാരൻ. ചെലവ് 1.25 ലക്ഷം രൂപ! നാല് കോടിയുടെ ലംബോർഗിനി ഹുറാകൻ കാർ കുറഞ്ഞ ചെലവിൽ സ്വന്തമായി നിർമ്മിച്ചെടുക്കാമെന്ന ആത്മവിശ്വാസം മൂന്ന് വർഷം മുമ്പ് ബിബിൻ പങ്കുവച്ചപ്പോൾ ഉറ്റചങ്ങാതി ടോം ഒഴികെ മറ്റെല്ലാവരും നെറ്റിചുളിച്ചു. ഇന്ന് 26കാരന്റെ മെയ്‌ഡ് ഇൻ തിരുവാണിയൂർ ലംബോർഗിനി കണ്ട് കൈയടിക്കുകയാണ് അവരെല്ലാം.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ക്വാളിറ്റി അഷ്വറൻസ് ജീവനക്കാരനായ ബിബിന് ചെറുപ്പം മുതൽ കാറുകളോട് കമ്പമായിരുന്നു. മെക്കാനിക്കൽ എൻജിനിയറിംഗിൽ അവസാന വർഷ വിദ്യാർത്ഥിയായിരിക്കെയാണ് ലംബോർഗിനി മനസിൽ കയറിക്കൂടിയത്. ടോമിന്റെ പിന്തുണ കൂടിയായപ്പോൾ, 2022 അവസാനം നിർമ്മാണം തുടങ്ങി. വീടിന്റെ പോർച്ചായിരുന്നു ഗാരേജ്. യൂട്യൂബിൽ നിന്നും ബാലപാഠങ്ങൾ പഠിച്ചു.
വെൽഡിംഗ് വർക്ക് ഷോപ്പ് നടത്തിയിരുന്ന അടുത്തബന്ധു വിദേശത്തേക്ക് പറന്നത് തുണച്ചു. വെൽഡിംഗ് മെഷിനും മറ്റും അദ്ദേഹം കൈമാറിയതിനാൽ ചെലവ് ലാഭിച്ചു. മാരുതി 800 കാറിന്റെ എൻജിനാണ് ഉപയോഗിച്ചത്. 8 എം.എം കമ്പി, ജി.ഐ പൈപ്പ് എന്നിവ ചട്ടക്കൂടിന് ഉപയോഗിച്ചു. ഫൈബറിലാണ് ബോഡി. താണിക്കുഴിയിൽ ടി.ഒ ചാക്കോ, മിനി എന്നിവരാണ് മാതാപിതാക്കൾ. സഹോദരി: ബിൻഷ.
ഡ്രൈവറടക്കം രണ്ടുപേർക്ക് കയറാം. ബട്ടർഫ്ലൈ മോഡലിൽ തന്നെയാണ് ഡോറുകൾ. ശനി, ഞായർ ദിവസങ്ങളിലും രാത്രിയുമാണ് കാർ നിർമ്മാണം. മാരുതി ആൾട്ടോയുടെ ടയറുകളാണ് ഉപയോഗിച്ചത്. ഇതിന് ആനുപാതികമായി കാറിന്റെ വലിപ്പം കുറച്ചു. സാമ്പത്തിക ബുദ്ധിമുട്ടാണ് നിർമ്മാണം നീളാൻ കാരണം. മിനുക്കുപണികൾ ബാക്കിയുണ്ട്. നാട്ടുകാരടക്കം നല്ല പിന്തുണയാണ് നൽകുന്നത്""
ബിബിൻ ചാക്കോ
പത്രവിതരണം മൂലധനം
ജോലി കിട്ടുംവരെ ബിബിൻ കേരളകൗമുദിയടക്കമുള്ള പത്രങ്ങളുടെ വിതരണക്കാരനായിരുന്നു. വരുമാനത്തിൽ നിന്നു നിശ്ചിതതുക നീക്കിവച്ചാണ് ലംബോർഗിനി നിർമ്മിച്ചത്. ഏതാണ്ട് ഒന്നരലക്ഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |