അഞ്ജലിയും സുഹൈലും ശക്തിയും കരയോഗം പ്രസിഡന്റ് വേണുവും പിന്നെ മുരളിയും രാജേന്ദ്രനും ഇടക്ക് ഹൃദയസ്തംഭനം വന്ന് മരണപ്പെട്ട് പോകുന്ന സാവിത്രി അമ്മയും ഒക്കെ ചേർന്ന് മരണവീട്ടിൽ പ്രേക്ഷകർക്ക് ചിരിപ്പൂരം ഒരുക്കി മുപ്പത് ദിവസങ്ങൾ പിന്നിട്ട വിജയയാത്രയിൽ. നവാഗതനായ എസ്. വിപിൻ രചനയും സംവിധാനവും നിർവഹിച്ച 'വ്യസനസമേതം ബന്ധുമിത്രാദികൾ" മരണവീടിനകത്തും പുറത്തും ക്യാമറവച്ച് തകർപ്പൻ ഹ്യൂമർ രംഗങ്ങൾ തീർത്തപ്പോൾ അത് മലയാള സിനിമയിൽ വേറിട്ട പ്രമേയം ആസ്വദിച്ച ഒരു ചലച്ചിത്ര സൃഷ്ടിയായി. അഭിഭാഷക ജോലിയിൽ നിന്ന് ഇടവേള എടുത്താണ് എസ്. വിപിൻ സിനിമയിൽ 'എൻറോൾ" ചെയ്ത് 'പ്രാക്ടീസ് "ആരംഭിച്ചിരിക്കുന്നത്.
യേസ് യുവർ ഓണർ
തിരക്കഥ റെഡി
ഹൈസ്കൂളിൽ പഠിക്കമ്പോൾ മുതൽ സിനിമയിൽ എത്തണം എന്ന് ഉറപ്പിച്ചു തിരക്കഥ എഴുത്തിന് ശ്രമങ്ങൾ നടത്തി നോക്കി. പിന്നീട് ജീവിത വഴികളിൽ വിവിധ ജോലികൾ ചെയ്തു ഒടുവിൽ തിരുവനന്തപുരം ലാ കോളേജിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി. തുടർന്ന് വക്കീലായി പ്രാക്ടീസ് ചെയ്യമ്പോഴും സിനിമ എന്ന ആഗ്രഹം വിട്ടുകളഞ്ഞില്ല. എപ്പോഴും സിനിമാ ചർച്ചകൾക്ക് ഒരു സുഹൃത്ത് വലയം, പഠിച്ച ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും ഒക്കെ നിലനിറുത്തി . ചെറുപ്പത്തിൽ ഇഷ്ടപ്പെടാതിരുന്ന പല സിനിമയും പിന്നീട് പ്രിയപ്പെട്ട സിനിമകൾ ആയതോടെ തന്നിലെ സിനിമാക്കാരനും പക്വത വന്നു എന്ന് തോന്നി. ലോക്ക്ഡൗൺ സമയത്ത് വേറെ തിരക്കുകൾ ഒന്നുമില്ലാതെ പെട്ടു പോയപ്പോൾ സിനിമ എന്ന ആഗ്രഹം പൊടിതട്ടി എടുത്തു. നിരന്തരം യൂട്യൂബ് വഴി സിനിമയുടെ മേക്കിങും, സിനിമാക്കാരുടെ അഭിമുഖവും തിരക്കഥ എഴുത്തിന്റെ വഴികളും ഒക്കെ കണ്ട് സിനിമയുടെ പിന്നണിയെ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചു. ഇഷ്ടപ്പെട്ട സിനിമകൾ ആവർത്തിച്ചു കണ്ടു. അങ്ങനെ 60 തവണവരെ കണ്ട സിനിമകളും ഉണ്ട്.
കൊവിഡ് കാലത്ത് പൂർണമായും ഒരു സിനിമാ വിദ്യാർത്ഥിയായി. നാട്ടുകാരനായ നടൻ സജി സെബാനയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'യമണ്ടൻ കല്യാണം" എന്ന ഷോർട്ട് ഫിലിമിൽ അഭിനയിക്കുകയും സജിക്ക് ഒപ്പം അസിസ്റ്റന്റായി കൂടിയും ചെയ്തതാണ് സിനിമ പ്രാക്ടിക്കൽ ആയി പഠിച്ചത്. ശേഷം ജോമോൻ ജ്യോതിർ, മുരളി മാനിഷാദ എന്നിവരെയും പിന്നെ തന്റെ അയൽക്കാരും സുഹൃത്തുക്കളുമായ ഒരു സംഘം പേരെയും ഉൾപ്പെടുത്തി വിപിൻ ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. 'അഞ്ചിന്റന്ന് സഞ്ചയനം". അത് കണ്ട് സത്യൻ അന്തിക്കാടും ജയരാജും ഉൾപ്പെടുന്ന സിനിമാ സംവിധായകർ അഭിനന്ദിച്ചു. അതോടെ കറേ കാലത്തേക്ക് താൻ ഇനി സിനിമാക്കാരൻ ആകുന്നു എന്ന് വിപിൻ തീരുമാനിച്ചു.
അനശ്വരയുടെ
തോന്നയ്ക്കൽ ഭാഷ
അങ്ങനെ അഭിഭാഷകജോലിയിൽ നിന്ന് താത്കാലിക ഇടവേളയെടുത്ത് മുഴുവൻ സമയം സിനിമയിലേക്ക് ഇറങ്ങി. തിരക്കഥകൾ എഴുതാനും സിനിമയെപ്പറ്റി കൂടുതൽ പഠിക്കാനും തുടങ്ങി. സാധാരണ സിനിമയുടെ ഘടനയിൽ അല്ലാത്ത തിരക്കഥ ആയതിനാലും ഉയർന്ന മൂല്യമുള്ള താരങ്ങൾ സാദ്ധ്യതയില്ലാത്ത കഥാപാത്രങ്ങളായതിനാലും തിരക്കഥ കേട്ട പലനിർമ്മാതാക്കളും അവസാന നിമിഷം പിൻമാറി. എന്നാൽ വിപിന്റെ തിരക്കഥയിൽ വിശ്വസിച്ച മറ്റൊരു വിപിൻ, സംവിധായകൻ വിപിൻദാസ് നിർമ്മാണം ഏറ്റെടുത്തു. ഹൈദരാബാദുകാരനായ സാഹു ഗാരപ്പെട്ടി നിർമ്മാണ പങ്കാളിയായി.
സംവിധായകൻ എന്ന നിലയിൽ വിപിൻദാസ് പൂർണമായും സ്വാതന്ത്ര്യം തന്നു. വിപിൻ മനസിൽ കണ്ട വിഷ്വൽ തരാൻ ഛായാഗ്രാഹകൻ റഹിം അബൂബക്കർ വഹിച്ച പങ്ക് വളരെ വലുതാണ്. നടീനടൻമാരെ തന്റെ കഥാപാത്രമാക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അവരുടെ മാനറിസങ്ങൾ പലതും തന്റെ കഥാപാത്രത്തിലേക്ക് കൊണ്ട് വരുന്ന കാര്യം കൂടി പരിഗണിച്ചു.
പൂർണമായും തന്റെ കഥാപത്രങ്ങളിലേക്ക് നടീ നടന്മാരെ കൊണ്ട് വരാൻ നിർബന്ധം പിടിക്കാതെ കുറെ അവരിലേക്ക് കഥാപാത്രത്തെ കൊണ്ട് ചെല്ലാനും തയ്യാറായി എന്ന് പറയാം. അതുകൊണ്ട് തന്നെ പുതിയ ആർടിസ്റ്റുകൾക്ക് പോലും ഗംഭീര പ്രകടനം കാഴ്ചവക്കൻ സാധിച്ചു. എന്നാൽ ഒരു പ്രതിസന്ധിയായി നിന്നത് ലോക്കൽ തനി നാടൻ ഭാഷ ആണ്. സിനിമയിൽ തോന്നയ്ക്കൽ ഭാഷ പറയാൻ പല താരങ്ങളും ബുദ്ധിമുട്ടി. കണ്ണൂരുകാരിയായ അനശ്വര രാജൻ ഉൾപ്പെടെ മുഴുവൻ താരങ്ങളും ഗംഭീരമായി തിരുവനനന്തപുരത്തെ തോന്നയ്ക്കലിലെ ഭാഷ സംസാരിച്ചു. എന്നാൽ തിരുവനന്തപുരത്തുകാരൻ അരുൺ മനോഹരമായി പന്തളം ഭാഷ സംസാരിച്ചു. പന്തളംകാരൻ സിജു സണ്ണി തിരുവനന്തപുരവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |