എം.ജി.ആർ നായകനായ നാടോടിമന്നൻ സിനിമയിൽ നായികയായി തീരുമാനിച്ചത് ഭാനുമതിയെ. എന്നാൽ അക്കാലത്തെ നായികമാരിൽ മുൻനിരയിൽ നിന്ന ഭാനുമതിക്ക് നാടോടി മന്നനിൽ എത്താൻ കഴിഞ്ഞില്ല. അന്നുവരെ സിനിമകളിൽ ഡാൻസ് രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ബി. സരോജ ദേവിക്ക് നറുക്ക് വീണു. അക്കാലത്തെ നായികമാരിൽ മുൻ നിരയിലുണ്ടായിരുന്ന ഭാനുമതിക്ക് നാടോടിമന്നൻ അഭിനയിച്ച് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സരോജ ദേവി അഭിനയിച്ച ഗാനരംഗങ്ങൾ കളറിലാണ് പുറത്തിറങ്ങിയത്. അവിടെ നിന്ന് എം.ജി.ആർ സരോജ ദേവി യുഗം ആരംഭിക്കുകയായിരുന്നു.
ജയലളിതയ്ക്കു മുമ്പ് എം.ജി.ആറിന്റെ ഭാഗ്യ നായിക എന്ന വിശേഷണവും സരോജ ദേവിക്ക് ഉണ്ട്. ഏഴുപതിറ്റാണ്ടോളം സിനിമയിൽ നിറഞ്ഞു നിന്ന ബി. സരോജ ദേവിയുടെ വിയോഗം ചലച്ചിത്ര മേഖലയ്ക്കും തീരാനഷ്ടമാണ്. കന്നട, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലായി 200-ൽ അധികം ചിത്രങ്ങളിൽ നിറഞ്ഞു നിന്ന അപൂർവ്വം നടികളിലൊരാൾ കൂടിയാണ് സരോജ ദേവി.
1955 ൽ പതിനേഴാം വയസിൽ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസയിലൂടെ ആയിരുന്നു സിനിമ അരങ്ങേറ്റം. പിന്നീട് 1958 ൽ എം.ജി.ആറിനൊപ്പം നാടോടി മന്നൻ എന്ന ചിത്രത്തിലെ നായിക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം തമിഴിലും ജനപ്രിയ താരമാക്കി. എം.ജി.ആറിനൊപ്പം ഇരുപതിലധികം സിനിമകളിൽ നായികയായി സരോജ ദേവി എം.ജി.ആർ ചിത്രങ്ങളുടെ ഭാഗ്യചിഹ്നമായി മാറി. പാലും പഴവും, വാഴ്കൈ വാഴ്ത്തർക്കെ, ആലയമണി, പെരിയ ഇടത്തു പെൺ എന്നിവയാണ് തമിഴിലെ ശ്രദ്ധേയമായ സിനിമകൾ.
അറുപതുകളിൽ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറി. ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എൻടി രാമറാവു, രാജ്കുമാർ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം നിരവധി സിനിമകളിൽ നായികയായിട്ടുണ്ട്. മല്ലമ്മാന പാവാട (1969), ന്യായവേ ദേവരു (1971), ശ്രീ ശ്രീനിവാസ കല്യാണ (1974), ബബ്രുവാഹന (1977) , ഭാഗ്യവന്തരു (1977) എന്നിവയുൾപ്പെടെ നിരവധി കന്നഡ ചിത്രങ്ങളിൽ നടൻ ഡോ. രാജ്കുമാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. പൈഗാം, ഓപ്പറ ഹൗസ്, സസുരാൽ, പ്യാർ കിയാ തോ ഡാർണാ ക്യാ എന്നിവയാണ് ബോളിവുഡിലെ ശ്രദ്ധേയ ചിത്രങ്ങൾ. 2019ൽ പുനീത് രാജ്കുമാറിന്റെ കന്നട ചിത്രം നടസാർവഭോമയിലാണ് അവസാനമായി തിരശീലയിൽ പ്രത്യക്ഷപ്പെട്ടത്. 1969 ൽ പത്മശ്രീയും 1992 ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കലൈമാമണി അവാർഡും സരോജ ദേവിക്ക് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |