തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റങ്ങളെ തകർക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ശ്രമം നടക്കുന്നു. വി സിമാർ സംഘപരിവാർ വേദികളിൽ മുഖ്യ അതിഥികളാവുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളേജുകളിൽ 16 എണ്ണം കേരളത്തിലാണ്. ഗവർണർമാരെ ഉപയോഗിച്ചാണ് ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെ നീക്കം . സംഘപരിവാർ അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് വി.സിമാരെ കൂടി ഉപയോഗപ്പെടുത്തി കേന്ദ്ര സർക്കാർ നടത്തുന്നത്.
കീം വിഷയത്തിൽ കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ പരിഗണന ലഭിക്കാൻ വേണ്ടിയുള്ള ഇടപെടലാണ് സർക്കാർ നടത്തിയത്. അതാണ് ഇപ്പോൾ കോടതി ഇടപെടലിലൂടെ ഇല്ലാതായിരിക്കുന്നത്. ഭാവിയിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്തള്ളപ്പെടാതെ പോകുന്നതിനുള്ള നിലപാട് സർക്കാർ സ്വീകരിക്കേണ്ടതാണ്. പഴയ ലിസ്റ്റിലെ ഒന്നാം റാങ്കുകാരൻ ഇപ്പോൾ ഏഴാം റാങ്കുകാരനായി. ഇത്തരത്തിൽ നിരവധി കുട്ടികൾക്ക് പ്രയാസം സൃഷ്ടിക്കുന്ന നില ഉണ്ടായിട്ടുണ്ട്. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാത്തത് വിദ്യാർത്ഥികളുടെ ഭാവി മുന്നിൽക്കണ്ടാണ്. അടുത്ത വർഷം പ്രോസ്‌പെക്ടസിൽ ഉചിതമായ തിരുത്തൽ വരുത്തുന്നതിന് മുൻകൂട്ടി നടപടികൾ സ്വീകരിക്കണമെന്ന് പാർട്ടി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ ആശുപത്രികളെ സംബന്ധിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന്, അതിലൊന്നും യാതൊരു അർത്ഥവുമില്ലെന്നായിരുന്നു മറുപടി. മന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനോട് പാർട്ടിക്ക് യോജിപ്പില്ല. ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മികച്ച സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |