തിരുവനന്തപുരം: ഭൂമിതരംമാറ്റൽ അപേക്ഷകൾ എത്രയുംപെട്ടെന്ന്
തീർപ്പാക്കാൻ റവന്യൂവകുപ്പ് കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോൾ,വെല്ലുവിളിയായി പുതിയ അപേക്ഷകൾ വന്നു മറിയുന്നു.പ്രതിദിനം ശരാശരി 400 മുതൽ 500 വരെ അപേക്ഷകളാണ് കിട്ടുന്നത്.
കഴിഞ്ഞ വർഷം ജൂലായിൽ അപേക്ഷ തീർപ്പാക്കാൻ താലൂക്ക് അടിസ്ഥാനത്തിൽ വികേന്ദ്രീകരണ സംവിധാനം കൊണ്ടുവന്നിരുന്നു. തരംമാറ്റം അനുവദിക്കാൻ 27 ആർ.ഡി.ഒ മാർക്ക് മാത്രമുണ്ടായിരുന്ന അധികാരം 44 ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകി. എന്നിട്ടും കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല.
ഓൺലൈനിലായതിനാൽ അവധി ദിവസങ്ങളിലും അപേക്ഷിക്കാനാവും . എന്നാൽ തീർപ്പാക്കൽ ജോലികൾ നടക്കുന്നത് പ്രവൃത്തി ദിവസങ്ങളിൽ മാത്രമാണ്. റവന്യൂജീവനക്കാരുടെ ജോലിഭാരമാണ് മറ്റൊരു പ്രശ്നം. പ്രകൃതി ക്ഷോഭം , തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള സന്ദർഭങ്ങളിൽ ഏറ്റവും കൂടുതൽ ചുമതലകൾ നൽകാറുള്ളത് റവന്യൂവകുപ്പിനാണ്.
പകുതിയിലേറെ തീർപ്പാക്കി
6,21,346:
2022 ജനുവരി മുതൽ
ഈ മാസം ഏഴുവരെ
ലഭിച്ച അപേക്ഷകൾ
3,49, 930 :
തീർപ്പായ അപേക്ഷകൾ
(56.32 ശതമാനം)
2,71,416:
തീർപ്പാക്കാൻ
ശേഷിക്കുന്നത്
61,013:
ഏറ്റവും കൂടുതൽ
തീർപ്പാക്കാനുള്ള
എറണാകുളം ജില്ലയിലെ
നിലവിലെ അപേക്ഷകൾ
31,859:
തീർപ്പാക്കാനുള്ളവയിൽ
രണ്ടാംസ്ഥാനത്തുള്ള
കോഴിക്കോട്ടെ
നിലവിലെ അപേക്ഷകൾ
3,022:
തീർപ്പാക്കാൻ ഏറ്റവും
കുറവുള്ള ഇടുക്കിയിലെ
നിലവിലെ അപേക്ഷകൾ
വേഗം കൂട്ടാൻ ഇളവ്
ആലോചനയിൽ
25 സെന്റ് വരെയുള്ള സൗജന്യ തരമാറ്റത്തിന് ചില ഇളവുകൾ അനുവദിക്കുന്നത് റവന്യൂവകുപ്പിന്റെ പരിഗണനയിലാണ്. വില്ലേജ് രേഖകളുടെ അടിസ്ഥാനത്തിൽ, അപേക്ഷകനിൽ നിന്ന് സത്യവാങ്മൂലം വാങ്ങി തരം മാറ്റം അനുവദിക്കാനാണ് ആലോചന. സത്യവാങ്മൂലം തെറ്റെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടാൽ തരംമാറ്റം റദ്ദാക്കാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തും. സമീപത്തെ ഭൂമിയുടെ സ്ഥിതി, ന്യായവില, തരംമാറ്റേണ്ട ഭൂമിയുടെ സ്കെച്ച് തുടങ്ങിയ രേഖകളാണ് ഇപ്പോൾ അപേക്ഷയ്ക്കൊപ്പം നൽകേണ്ടത്. വില്ലേജ് ഓഫീസർ നേരിട്ട് സ്ഥല പരിശോധന നടത്തി റിപ്പോർട്ടും നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |