കൊല്ലം: പഠനം പാതിവഴിയിലുപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങുമ്പോൾ ജ്യേഷ്ഠന്റെ വിദ്യാഭ്യാസം മാത്രമായിരുന്നു സർഫ്രാരിസിന്റെ ലക്ഷ്യം. ഫലമുണ്ടായി. ആദ്യ ചാൻസിൽ തന്നെ ജെ.ആർ.എഫ് നേടിയ അഫ്രാരിസ് അനുജന്റെ വിയർപ്പിനോട് നീതി പുലർത്തി. ഗസ്റ്റ് അസി. പ്രൊഫസറാവാൻ ക്ഷണവും ലഭിച്ചു.
ഏക ആശ്രയമായിരുന്ന അച്ഛൻ ഷാജിക്ക് വാഹനാപകടത്തെ തുടർന്ന് ജോലിക്കുപോകാൻ കഴിയാതായതാണ് സഹോദരങ്ങളുടെ ജീവിതം മാറ്റിമറിച്ചത്. പത്തനാപുരം മാലൂർ കോളേജിന് സമീപം മലശ്ശേരി പടിഞ്ഞാറ്റേതിൽ ഷാജിമോന്റെയും ഷീജയുടെയും മകനാണ് സർഫ്രാരിസ് (22). രണ്ടു വയസു മാത്രം മൂത്തയാളാണ് അഫ്രാരിസ്. അമ്മ ഷീജ തൊഴിലുറപ്പിന് പോകുന്നുണ്ടെങ്കിലും മക്കളുടെ പഠനത്തിനുള്ള പണം കണ്ടെത്താനായില്ല.
പത്താം ക്ളാസിൽ അഫ്രാരിസ ഫുൾ എ പ്ളസായിരുന്നു. പ്ലസ്ടുവിന് കമ്പ്യൂട്ടർ സയൻസിൽ 85 ശതമാനം മാർക്കോടെ വിജയം. സർഫ്രാരിസും പഠനത്തിൽ മോശമല്ല. പത്താംക്ലാസിൽ മൂന്ന് എ പ്ളസുണ്ടായിരുന്നു. തുടർന്ന് പ്ളസ്ടു കഴിഞ്ഞ് എ.സി മെക്കാനിസം പഠിക്കാൻ ചേർന്നു. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടിൽ ജ്യേഷ്ഠന്റെ പഠനം മുടങ്ങുമെന്നായപ്പോൾ പഠനം നിറുത്തി. മീൻ കച്ചവടം, പെയിന്റിംഗ്, കാറ്ററിംഗ് തുടങ്ങി പറ്റുന്ന ജോലികളെല്ലാം ചെയ്ത് അഫ്രാരിസിനെ പഠിപ്പിച്ചു.
അനുജനെ ചേർത്തു പിടിച്ച് അഫ്രാരിസും
അഫ്രാരിസ് 2021ൽ പ്രൈവറ്റായി ബി.കോം ടാക്സേഷൻ പൂർത്തിയാക്കി ഇറ്റലിയിൽ തുടർ പഠനം മോഹിച്ചപ്പോഴാണ് അച്ഛന്റെ അപകടം. 2023ൽ പ്രൈവറ്റായി എം.കോം ടാക്സേഷന് ചേർന്നു. 2024 ഡിസംബറിലാണ് നെറ്റ് പരീക്ഷയിൽ ജെ.ആർ.എഫ് (ജൂനിയർ റിസർച്ച് ഫെലോ) നേടിയത്. മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ അസി.പ്രൊഫസറായി ചേരാനാണ് ക്ഷണിച്ചിട്ടുള്ളത്. തനിക്കായി കഷ്ടപ്പെട്ട അനുജന്റെ പഠനം പൂർത്തിയാക്കലാണ് അഫ്രാരിസിന്റെ ലക്ഷ്യം. പൊലീസിൽ ചേരാനാണ് സർഫ്രാരിസിന്റെ ആഗ്രഹം.
എന്നെ ഒരു ബുദ്ധിമുട്ടും അവൻ അറിയിച്ചിട്ടില്ല. പഠിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ. ജെ.ആർ.എഫ് കിട്ടിയപ്പോൾ എന്നെക്കാൾ അവൻ സന്തോഷിച്ചു
- അഫ്രാരിസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |