തിരുവനന്തപുരം: ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ജൂനിയർ ഡോക്ടറാണ്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് യുവാവിന്റെ മൃതദേഹം ഹോസ്റ്റൽ മുറിക്കുളളിൽ നിന്ന് കണ്ടെത്തിയത്. മരണത്തിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഗോരഖ്പൂർ സിറ്റി എസ് പി അഭിനവ് ത്യാഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അഭിഷോയുടെ മുറിക്കുളളിൽ നിന്ന് മരുന്നും സിറിഞ്ചുകളും കണ്ടെത്തിയിട്ടുണ്ട്. ദുരൂഹത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അഭിഷോയുടെ കുടുംബം ഗോരഖ്പൂരിൽ എത്തിയിട്ടുണ്ട്. അഭിഷോയുടെ ഭാര്യ ഗൈനക്കോളജിസ്റ്റാണ്. അവർ ഗർഭിണിയാണ്. പ്രസവത്തിനായി നാട്ടിൽ വരാൻ തീരുമാനിച്ചിരിക്കെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അഭിഷോയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കുകയുളളൂവെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |