തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ആയുഷ്മാൻ ഭാരത് കാർഡിന്റെ അനുകൂല്യം ഉപയോഗിക്കുന്ന പാവപ്പെട്ടവർക്ക് ആശുപത്രിയിൽ നിന്ന് ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ശ്രീചിത്രയിൽ എത്തുന്ന രോഗികളിൽ എ.എ.വൈ റേഷൻ കാർഡുള്ളവരിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരുണ്ടെങ്കിൽ പൂർണമായും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന എ കാറ്റഗറിയിൽ ഉൾപ്പെടുത്തും. എന്നാൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വിദേശനിർമ്മിത സാധങ്ങൾക്ക് മാത്രം പണം നൽകണം.ഈ രോഗിക്ക് ആയുഷ്മാൻ ഭാരത് കാർഡുണ്ടെങ്കിൽ അതിന്റെ പരമാവധി തുകയായ അഞ്ചുലക്ഷം അനുവദിക്കും. ഇതോടെ എ കാറ്റഗറിയിലെ രോഗിയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് നൽകേണ്ട മറ്റ് സൗജന്യങ്ങൾ നിഷേധിക്കുകയാണ്. പാവപ്പെട്ടവന് സൗജന്യചികിത്സ ഉറപ്പാക്കാൻ പ്രതിവർഷം 200കോടിയോളം കേന്ദ്രസർക്കാർ ഗ്രാന്റ് നൽകുമ്പോഴാണിത്.
പാവപ്പെട്ടവൻ അടച്ചത് 13ലക്ഷം!
പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇടുക്കി സ്വദേശിക്ക് ആകെ ചെലവായത് 18ലക്ഷം. ആയുഷ്മാൻഭാരത് പ്രകാരം അഞ്ച് ലക്ഷം കിട്ടി. ശേഷിച്ച 13ലക്ഷത്തിൽ 10ലക്ഷമാണ് വിദേശനിർമ്മിത ഉപകരണങ്ങളുടെ വില. മൂന്നു ലക്ഷം രൂപ ആശുപത്രിയിലെ റൂമിനും പരിശോധനകൾക്കുമുള്ള ചാർജ്ജാണ്. എ കാറ്റഗറിയിലെ രോഗിയ്ക്ക് ഇത് സൗജന്യമായിരിക്കെ ആയുഷ്മാൻ ഭാരത് കാർഡ് ഉപയോഗിച്ചെന്ന കാരണം പറഞ്ഞ് 10ലക്ഷത്തിന് പുറമേ മൂന്നുലക്ഷവും അടപ്പിച്ചു.പ്രതിസന്ധിയിലായ കുടുംബത്തിന് കടംവാങ്ങിയിട്ടും തുക പൂർണമായി അടയ്ക്കാനായില്ല. സന്നദ്ധസംഘടനകളും നാട്ടുകാരും പിരിവെടുത്താണ് സഹായിച്ചത്.
തീരാത്ത ദുരിതം
ആയുഷ്മാൻ ഭാരത് കാർഡ് ഒരു കുടുംബത്തിനാണ് അഞ്ചുലക്ഷം
എ കാറ്റഗറിയിലുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ആനുകൂല്യം തികഞ്ഞില്ലെങ്കിൽ മാത്രം കാർഡ് ഉപയോഗിച്ചാൽ ആശ്വാസമാകും.
ആയുഷ്മാൻ ഭാരത് കാർഡുള്ള അയൽസംസ്ഥാനങ്ങളിലുള്ളവർ എത്തിയാൽ പണം അടയ്ക്കേണ്ട സ്ഥിതിയാണ്.
തമിഴ്നാട്ടിലും കർണാടകയിലും പദ്ധതിയുടെ ചുമതലയുള്ള കമ്പനി ശ്രീചിത്രയ്ക്ക് പണം നൽകിയാൽ
ഇത് റീ ഇംബേഴ്സ് ചെയ്യും.
രാജ്യത്തുടനീളം ആയുഷ്മാൻ ഭാരത് കാർഡിന് ക്യാഷ്ലെസ് ചികിത്സ നൽകുമ്പോഴാണ് ശ്രീചിത്രയിൽ ഈ നിയമം.
ആയുഷ്മാൻ ഭാരത് കാർഡിൽ ചികിത്സനൽകുന്നവർക്ക് ബില്ല് നൽകുന്നില്ലെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |