ലണ്ടൻ: മുഹമ്മദ് സിറാജിന് പിഴ ചുമത്തി ഐസിസി. ലോർഡ്‌സ് ടെസ്റ്റിനിടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിനാണ് സിറാജിനെതിരെ ഐസിസിയുടെ നടപടി. ഓപ്പണർ ഡക്കറ്റിനെ ബുംറയുടെ ക്യാച്ചിൽ ഔട്ടാക്കിയതോടെ സിറാജിന്റെ ആഘോഷം അതിരുകടന്നതാണ് നടപടിക്ക് കാരണമായത്. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ ഒന്ന് പ്രകാരം മാച്ച് ഫീയുടെ 15 ശതമാനമാണ് താരത്തിന് ചുമത്തിയിരിക്കുന്ന പിഴ. കൂടാതെ ഒരു ഡീമെറിറ്റ് പോയിന്റും നൽകിയിട്ടുണ്ട്.
ഓൺ-ഫീൽഡ് അമ്പയർമാരായ പോൾ റീഫലും ഷർഫുദ്ദൗള ഇബ്‌നെ ഷാഹിദും, തേഡ് അമ്പയർ അഹ്‌സാൻ റാസയും ഫോർത്ത് അമ്പയർ ഗ്രഹാം ലോയ്ഡും ചേർന്നാണ് സിറാജിനെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. നാലാം ദിനമായ ഇന്നലെ ഇംഗ്ലണ്ട് ബാറ്റു ചെയ്യുമ്പോഴാണ് സംഭവം.
ഡക്കറ്റിന്റെ വിക്കറ്റു പോയ ശേഷം സിറാജ് താരത്തിന്റെ ദേഹത്തും തട്ടുന്നുണ്ട്. ആഘോഷം പരിധിവിട്ടെന്നാണ് ഐസിസി ചൂണ്ടികാണിച്ചത്. ഒരു അന്താരാഷ്ട്ര മത്സരത്തിൽ ബാറ്റ്സ്മാൻ പുറത്തു പോകുമ്പോൾ പ്രകോപനകരമായ പെരുമാറ്റവും പ്രവൃത്തിയും പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.5ന്റെ ലംഘനമായിട്ടാണ് കാണുന്നത്.
രണ്ടു വർഷത്തിനിടെ സിറാജിന് ലഭിക്കുന്ന രണ്ടാമത്തെ ഡിമെറിറ്റ് പോയിന്റാണ്. ആദ്യത്തേത് അഡലെയ്ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിനിടെയാണ് ലഭിച്ചത്. ഇത്തരത്തിൽ നാലിൽ കൂടുതൽ ഡീമെറിറ്റ് പോയിന്റുകൾ നേടുന്ന താരങ്ങൾക്ക് ഭാവിയിൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിന് വിലക്ക് നേരിടേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |