ന്യൂഡൽഹി: ടെന്നിസ് താരം രാധിക യാദവ് കൊല്ലപ്പെട്ട കേസിൽ ഡിജിറ്റൽ തെളിവുകൾ തേടി പൊലീസ്. ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്തതും മറ്റു ഡാറ്റയും വീണ്ടെടുക്കുന്നതിനായി രാധികയുടെ ഫോൺ ഹരിയാന ഐ.ടി വിഭാഗത്തിൽ പരിശോധനയ്ക്ക് അയച്ചു. ഫോണിൽ നിന്ന് വീണ്ടെടുക്കുന്ന വിവരങ്ങൾ കേസിൽ നിർണായകമായിരിക്കുമെന്ന് ഗുരുഗ്രാം പൊലീസ് പറഞ്ഞു. കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് രാധിക സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഒഴിവാക്കിയത്. രാധികയുടെ സമൂഹമാദ്ധ്യമ ഉപയോഗത്തെ ബന്ധുക്കൾ വിമർശിച്ചതാണ് പിതാവ് ദീപക് യാദവനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
അതിനിടെ, രാധികയുടെ പേരിലുള്ള ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രത്യക്ഷപ്പെട്ടു. ഇതിന്റെ ബയോയിലുള്ള സ്പാനിഷ് വാചകം ദുരൂഹതയുളവാക്കുന്നതാണ്. 'ടോഡോ പസാ പൊർ അൽഗോ' എന്നാണ് ബയോയിലുള്ളത്. 'എല്ലാത്തിനും ഒരു കാരണമുണ്ട്' എന്നാണ് ഇതിന്റെ അർത്ഥം. രാധികയുടെ സുഹൃത്തെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തുവിട്ട ഹിമാൻഷിക സിംഗ് രാജ്പുത് ഉൾപ്പെടെ 69 പേരാണ് അക്കൗണ്ട് ഫോളോ ചെയ്യുന്നത്. ആകെ ആറ് പോസ്റ്റുകളാണുള്ളത്. ഇത് യത്ഥാർത്ഥത്തിൽ കൊല്ലപ്പെട്ട രാധികയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. രാധികയുടെ ഫോൺ ലോക്ക് നീക്കിയാലേ യഥാർത്ഥ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഏതാണെന്ന് കണ്ടെത്താനാകൂ.
അറസ്റ്റിലായ ദീപക് കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നുണ്ടെങ്കിലും കാരണം വ്യക്തമല്ല.
ജൂലായ് 10നാണ് ഗുരുഗ്രാം സെക്ടർ 57ലെ വീട്ടിൽ വച്ച് രാധികയെ പിതാവ് ദീപക് വെടിവച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ദീപക്കിനെ കോടതി പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |