ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ശരീരം മുന്‍കൂട്ടി ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത് അവഗണിക്കുന്നതാണ് നാമെല്ലാം വരുത്തുന്ന ഏറ്റവും വലിയ പിഴവ്. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ആരോഗ്യ പ്രശ്‌നം അണുബാധയിലേക്കും ശസ്ത്രക്രിയയിലേക്കും എത്തിയതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം താരവും നര്‍ത്തകിയുമായ ചൈതന്യ പ്രകാശ്. ഈ വര്‍ഷം ആദ്യം തനിക്ക് ഒരു ശസ്ത്രക്രിയയുണ്ടായിരുന്നുവെന്ന് ചൈതന്യ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ചൈതന്യയുടെ വാക്കുകള്‍: 'ഇത് ഭയങ്കര വലിയൊരു അസുഖം അല്ല. ആദ്യം തന്നെ ഡോക്ടര്‍ പറഞ്ഞത് പോലെ ചെയ്തിരുന്നുവെങ്കില്‍ ഇത്രയും പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. 2021ല്‍ ആണെന്ന് തോന്നുന്നു, അപ്പോഴാണ് എനിക്ക് ആദ്യമായി ഇന്‍ഫെക്ടഡാകുന്നത്. ചെവിയുടെ മുകളിലായി ഒരു കുഞ്ഞ് മറുക് ജനിച്ചത് മുതല്‍ ഉണ്ടായിരുന്നു. ആദ്യം അത് ഇന്‍ഫെക്ടഡായപ്പോള്‍ മുഖക്കുരു ആണെന്നാണ് കരുതിയത്. വേദന കൂടിയപ്പോഴാണ് ഞാന്‍ ആശുപത്രിയില്‍ പോകുന്നത്.
ഒടുവില്‍ പ്രീ-ഓറിക്കുലര്‍ സൈനസാണ് ഇതെന്ന് തിരിച്ചറിയുകയും ചെയ്തു. ആന്റിബയോട്ടിക്കുകള്‍ തന്നെങ്കിലും അതെനിക്ക് വര്‍ക്കായില്ല. പിന്നീട് മെഡിക്കേഷന്‍ ചെയ്ത് എല്ലാം ശരിയാക്കി', 'പക്ഷേ അത് വീണ്ടും വരാന്‍ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അത് പൂര്‍ണമായും മാറ്റാന്‍ സര്‍ജറി വേണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അന്നത് അത്ര സീരിയസ് ആയിട്ടെടുത്തില്ല. അതിനി വരില്ലെന്ന് വിശ്വസിച്ചു.
പക്ഷേ നമ്മുടെ മോശം സമയം എന്ന് പറയില്ലേ. 2024 അങ്ങനെ ഒരു സമയമായിരുന്നു. അത്രയും ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്. നാല് തവണ ഇന്‍ഫെക്ഷന്‍ വന്നു. ഈ അണുബാധ പൂര്‍ണമായി മാറാതെ സര്‍ജറിയും ചെയ്യാന്‍ പറ്റില്ല. അത്രയും വേദന സഹിച്ചു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചതിന് കയ്യും കണക്കും ഇല്ലായിരുന്നു. ഒരു ദിവസം തന്നെ ഒന്‍പതും പത്തും ഗുളികകള്‍ കഴിക്കുന്നുണ്ടായിരുന്നു. നമ്മള്‍ ഭയങ്കരമായി ക്ഷീണിച്ച് പോകും. ഒടുവില്‍ 2024 ഡിസംബര്‍ അവസാനം പെട്ടെന്ന് സര്‍ജറി ചെയ്യുകയായിരുന്നു'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |