മൂന്നാം ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെതിരെ ആരാധകർ
ലണ്ടൻ : രണ്ടാം ഇന്നിംഗ്സിൽ 200 റൺസിൽ താഴെ മാത്രം മതിയായിരുന്നിട്ടും ലോസ്ഡിൽ ഇന്ത്യൻ ടീം 22 റൺസിന് തോറ്റുപോയതിന് പിന്നാലെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെതിരെ സോഷ്യൽ മീഡിയയിൽ ആരാധകരോഷം. പരിശീലകനെന്ന നിലയിലെ ഗംഭീറിന്റെ പാളിപ്പോയ തന്ത്രങ്ങളും ടീം സെലക്ഷനിലെ വ്യക്തിതാത്പര്യങ്ങളുമാണ് ഇന്ത്യൻ ടീമിനെ തകർക്കുന്നതെന്നാണ് ആരോപണം.
ഇംഗ്ളണ്ടിനെതിരായ അഞ്ചുമത്സരപരമ്പരയിലെ രണ്ടാം തോൽവിയാണ് ഇന്ത്യ ലോഡ്സിൽ ഏറ്റുവാങ്ങിയത്. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലായി അഞ്ച് സെഞ്ച്വറികൾ പിറന്നിട്ടും ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ബർമിംഗ്ഹാമിൽ വിജയം നേടിയതോടെ ഗംഭീറിന് അൽപ്പം ആശ്വാസമായിരുന്നു. ആ ആശ്വാസമാണ് ലോഡ്സിൽ നഷ്ടമായത്. ട്വന്റി-20 ശൈലിയിൽ ടെസ്റ്റ് കളിക്കുമെന്നാണ് പരിശീലകസ്ഥാനം ഏറ്റെടുത്തപ്പോൾ ഗംഭീർ പറഞ്ഞിരുന്നത്. എന്നാൽ ഗംഭീറിന് കീഴിൽ കളിച്ച 12 ടെസ്റ്റുകളിൽ ജയിക്കാനായത് മൂന്നെണ്ണത്തിൽ മാത്രമാണ്. സ്വദേശത്തും വിദേശത്തുമായി എട്ടാമത്തെ തോൽവിയായിരുന്നു ലോഡ്സിലേത്. ഒരു സമനിലയും വഴങ്ങി. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ മൂന്നുടെസ്റ്റുകൾ തുടർച്ചയായി തോറ്റത് വലിയ നാണക്കേടായി മാറി. ഇന്ത്യൻ മണ്ണിൽ വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയത്. അതിന് പിന്നാലെയാണ് ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പര തോറ്റത്. ഇപ്പോഴിതാ ഇംഗ്ളണ്ട് പര്യടനത്തിൽ മൂന്ന് ടെസ്റ്റുകളിൽ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു.
ഈ തോൽവികളേക്കാളേറെ ആരാധകരെ ചൊടിപ്പിക്കുന്നത് വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ടെസ്റ്റിൽ നിന്ന് വിരമിക്കാൻ ഗംഭീർ വഴിയൊരുക്കി എന്ന ആരോപണമാണ്. ഗംഭീറുമായി ചേർന്നുപോകാൻ തയ്യാറാകാത്തതാണ് സീനിയേഴ്സിനെ കളി മതിയാക്കാൻ തീരുമാനിച്ചതിന് പിന്നിലെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്. വിരാട് ഐ.പി.എല്ലിനിടെ ഗംഭീറുമായി കയർത്തതുമുതൽ ഇരുവരും രസത്തിലായിരുന്നില്ല എന്നാണ് ശ്രുതി. ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷമാണ് രോഹിത് ടെസ്റ്റ് വിട്ടത്. പിന്നാലെ വിരാടും ഇതേ വഴിയേ നീങ്ങി. എന്നാൽ ഇരുവരും ചാമ്പ്യൻസ് ട്രോഫി നേടിയ ഏകദിന ടീമിൽ കളിക്കുകയും ചെയ്തു.
ആഭ്യന്തര ക്രിക്കറ്റിലും വൈറ്റ്ബാൾ ഫോർമാറ്റുകളിലും മികച്ച പ്രകടനം നടത്തിയിട്ടും ശ്രേയസ് അയ്യരെ ഇംഗ്ളണ്ട് പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതിലും ഗംഭീർ വിമർശനം കേൾക്കുന്നുണ്ട്. ശ്രേയസിനെപ്പോലെ പരിചയസമ്പന്നനായ കളിക്കാരനുണ്ടായിരുന്നെങ്കിൽ ഇംഗ്ളണ്ടിൽ മദ്ധ്യനിരയിലെ തകർച്ചകൾ ഒഴിവാക്കാനാകുമായിരുന്നു എന്നാണ് വാദം.
ലോഡ്സിൽ സംഭവിച്ചത്
1. ആദ്യ ഇന്നിംഗ്സിൽ 271/8 എന്ന നിലയിൽ നിന്ന് എട്ടാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർക്കാൻ അനുവദിച്ചതാണ് ഇന്ത്യയ്ക്ക് പറ്റിയ ആദ്യ പിഴവ്. സ്മിത്തും (51), ബ്രണ്ടൻ കാർസും നേടിയ അർദ്ധസെഞ്ച്വറികൾ (56) ഇംഗ്ളണ്ടിനെ 350 കടത്തി.
2. ഇംഗ്ളണ്ടിന്റെ സ്കോറിന് ഒപ്പമെത്താനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. 74 റൺസെടുത്ത റിഷഭ് പന്ത് റൺ ഔട്ടായതാണ് ഇന്ത്യയ്ക്ക് ലീഡ് നേടാൻ കഴിയാതിരുന്നതിന് കാരണം. രാഹുലിന് സെഞ്ച്വറി തികയ്ക്കാൻ സ്ട്രൈക്ക് നൽകാനുള്ള റിഷഭിന്റെ വെപ്രാളമാണ് റൺഔട്ടിന് വഴിയൊരുക്കിയത്.
3. രണ്ട് ഇന്നിംഗ്സുകളിലുമായി 63 റൺസ് എക്സ്ട്രാസായി വിട്ടുകൊടുത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആദ്യ ഇന്നിംഗ്സിൽ 31റൺസും രണ്ടാം ഇന്നിംഗ്സിൽ 32 റൺസുമാണ് വെറുതേ കൊടുത്തത്. ഇംഗ്ളണ്ട് ആകട്ടെ 30 റൺസാണ് ഇരു ഇന്നിംഗ്സുകളിലുമായി എക്സ്ട്രാസായി നൽകിയത്. 22 റൺസിനായിരുന്നു ഇംഗ്ളണ്ടിന്റെ ജയം.
4. രണ്ടാം ഇന്നിംഗ്സിൽ ക്ഷമയോടെ പിടിച്ചുനിൽക്കാൻ ബാറ്റർമാർക്ക് കഴിയാതെപോയതാണ് തോൽവിക്ക് കാരണം. യശസ്വി ജയ്സ്വാൾ, കരുൺ നായർ,ഗിൽ, റിഷഭ് പന്ത്, നിതീഷ് കുമാർ തുടങ്ങിയവരുടെ പുറത്താകൽ ടീമിന്റെ താളം തെറ്റിച്ചു. ജഡേജയ്ക്ക് പിന്തുണനൽകാൻ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റർ പോലുമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |