ന്യൂഡൽഹി: പാകിസ്ഥാനിലെ ഉന്നത രാഷ്ട്രീയ-സൈനിക നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചാണ് പഹൽഗാം ഭീകരാക്രമണം നടത്തിയതെന്ന് റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐ.എസ്.ഐയും ലഷ്‌കറെ ത്വയിബയുമാണ് ആക്രമണം ആസൂത്രണം ചെയ്തത്. 26/11 മുംബയ് ഭീകരാക്രമണത്തിന് സമാനമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 26 പേരുടെ ജീവനെടുത്ത പഹൽഗാം ആക്രമണം നടത്തിയത് പാക് ഭീകരരാണ്. കാശ്മീരിൽ നിന്നുള്ളവരെ ആക്രമണത്തിന്റെ ഭാഗമാക്കേണ്ടെന്നും പാക് ഭീകരരെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നും ലഷ്‌കറെ ത്വയിബയുടെ പാക് കമാൻഡൽ സാജിദ് ജുട്ടിനോട് ഐ.എസ്.ഐ നിർദ്ദേശിച്ചു. ആക്രമണത്തിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടാതിരിക്കാനാണിത്.
ഒരാഴ്ച മുമ്പേ
പാക് മുൻ സ്‌പെഷ്യൽ ഫോഴ്‌സസ് കമാൻഡോയെന്ന് സംശയിക്കുന്ന സുലൈമാനാണ് ആക്രമണ സംഘത്തെ നയിച്ചത്. മറ്റ് രണ്ട് ഭീകരരും ഇയാൾക്കൊപ്പമുണ്ടായിരുന്നു. 2022ൽ എം-4 റൈഫിളുമായി ജമ്മു മേഖലയിൽ കടക്കുന്നതിന് മുമ്പ് സുലൈമാന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുരിദ്‌കെയിലെ ലഷ്‌കറെ കേന്ദ്രത്തിൽ പരീശിലനം ലഭിച്ചതായാണ് സൂചന. ഏപ്രിൽ 15ന് ത്രാൽ വനമേഖലയിൽ സുലൈമാനുണ്ടായിരുന്നുവെന്ന് സാറ്റലൈറ്റ് ഫോൺ വിവരങ്ങൾ വെളിവാക്കിയിട്ടുണ്ട്. ആക്രമണം നടന്ന ഏപ്രിൽ 22ന് ഒരാഴ്ച മുമ്പുതന്നെ പഹൽഗാമിലെ ബൈസരൺ മേഖലയിൽ സുലൈമാനുണ്ടായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.
2023ൽ പൂഞ്ചിൽ സൈനിക ട്രക്കിന് നേരെ നടന്ന ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്. ആക്രമണത്തിൽ അഞ്ച് സൈനികർക്കാണ് ജീവൻ നഷ്ടമായത്. അതിനുശേഷം രണ്ടുവർഷത്തോളം സുലൈമാൻ സജീവമായിരുന്നില്ലെന്നാണ് സൂചന.
ഒപ്പമുണ്ടായിരുന്നവർ
ആര്?
പഹൽഗാം ആക്രമണത്തിൽ സുലൈമാനൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് ഭീകരരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പാകിസ്ഥാനിൽ നിന്നുള്ള ഭീകരരായ ഹാഷിം മൂസ, അലി ഭായി എന്നിവർക്ക് പഹൽഗാം ആക്രമണത്തിൽ പങ്കുള്ളതായി ജമ്മു കാശ്മീർ പൊലീസ് സംശയിച്ചിരുന്നു. എന്നാൽ സുലൈമാന്റെ പങ്ക് മാത്രമാണ് സ്ഥിരീകരിക്കാനായത്. കാശ്മീരിൽ നിന്നുള്ള ഭീകരൻ ആദിൽ ഹുസൈൻ ആക്രണത്തിന് സഹായം നൽകിയെന്നും സൂചനയുണ്ടായിരുന്നു. ഇതും സ്ഥിരീകരിച്ചിട്ടില്ല.
പഹൽഗാമിലെ ബട്‌കോടെയിൽ നിന്ന് പർവേസ് അഹമ്മദ് ജോഥർ എന്നയാളെയും ഹിൽ പാർക്കിൽ നിന്ന് ബാഷിർ അഹമ്മദ് ജോഥർ എന്നയാളെയും എൻ.ഐ.എ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. ഭീകരർക്ക് ഭക്ഷണവും ഒളിയിടവും നൽകി എന്നത് മാത്രമായിരുന്നു ഇവർ ചെയ്തത്. സഹായത്തിന് പകരം ഇവർ ഭീകരരിൽ നിന്ന് പണവും കൈപ്പറ്റി. ഭീകരർ ബൈസരണിൽ വിനോദസഞ്ചാരികളെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് ഇവർക്ക് അറിയില്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |