ചെറുതുരുത്തി : മുള്ളൂർക്കരക്കാരുടെ ചിരകാല സ്വപ്നമായ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കുന്നതിന് നടപടി. ഇതിനായുള്ള സർവേ നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നിർമാണച്ചുമതലയുള്ള കെ.ആർ.ഡി.സി.എൽ മണ്ണ് പരിശോധന ആരംഭിച്ചു. പാലത്തിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും. കെ.രാധാകൃഷ്ണൻ എം.പി സ്ഥലത്തെത്തി മണ്ണുപരിശോധനയ്ക്കെത്തിയ കെ.ആർ.ഡി.സി.എൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
യു.ആർ.പ്രദീപ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, പഞ്ചായത്ത് അംഗം എം.പി.കുഞ്ഞിക്കോയ തങ്ങൾ, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ വി.രഘു, എം.എച്ച്.അബ്ദുൾ സലാം എന്നിവരും എം.പിയോടൊപ്പമുണ്ടായിരുന്നു. കെ.ആർ.ഡി.സി.എൽ സെക്ഷൻ എൻജിനീയർ മിഥുൻ ജോർജ് പദ്ധതി വിശദീകരിച്ചു. റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ ചെലവ് പൂർണമായും റെയിൽവേ വഹിക്കും.
തിരക്കുള്ള റെയിൽവേ ഗേറ്റുകളിൽ റെയിൽവേ നൂറ് ശതമാനം ചെലവിൽ മേൽപ്പാലം നിർമ്മിക്കേണ്ടതിനാലാണ് സംസ്ഥാന സർക്കാരിന്റെ വിഹിതം ഒഴിവാക്കിയത്. റെയിൽവേയുടെ അന്തിമ അംഗീകാരം നേടുന്നതിന് ആവശ്യമായ ജി.എ.ഡിയും വിശദമായ എസ്റ്റിമേറ്റും തയ്യാറാ ക്കുന്നതുൾപ്പെടെയുള്ള തുടർ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരോട് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
മുള്ളൂർക്കര റെയിൽവേ ഗേറ്റിൽനിന്ന് 190 മീറ്റർ അകലെ പഴയ റെയിൽവേ ക്യാബിന്റെ ഭാഗത്താണ് മേൽപ്പാലം നിർമ്മിക്കുക. മുള്ളൂർക്കരയിലെത്തുന്നതിന് മുൻപേയുള്ള തോടിന് സമീപത്തുനിന്ന് തുടങ്ങി എ.കെ.ജി നഗറിലെത്തുംവിധമാണ് മേൽപ്പാലത്തിന്റെ അനുബന്ധ റോഡ് വരിക. നിലവിലുള്ള ടൗണിനെ ഇത് ബാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |