പെൻസിൽവാനിയ: പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന 'അന്നബെല്ല'പാവയുമായി രാജ്യത്ത് പര്യടനം നടത്തിവന്ന 54കാരൻ മരിച്ചു. പ്രശസ്‌ത പാരാനോർമൽ അന്വേഷകനായ ഡാൻ റിവേരയ്‌ക്കാണ് മരണം സംഭവിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് പറയുന്നു. പെൻസിൽവാനിയയിൽ 'ഡെവിൾസ് ഓൺ ദി റൺ ടൂർ' എന്ന പരിപാടി സംഘടിപ്പിച്ചുവരികയായിരുന്നു ഡാൻ. സോൾജിയേഴ്‌സ് നാഷണൽ ഓർഫനേജ് എന്ന സ്ഥാപനത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഗോസ്‌റ്റ്‌ലി ഇമേജസ് ഓഫ് ഗെറ്റിസ്‌ബർഗ് എന്ന പരിപാടിയിൽ അന്നബെല്ല പാവ പ്രദർശിപ്പിച്ചിരുന്നു. ഈ പരിപാടി കഴിഞ്ഞയുടൻ ഞായറാഴ്‌ചയാണ് ഡാൻ റിവേര മരിച്ചത്.
റിവേര തങ്ങിയിരുന്ന ഹോട്ടലിലേക്ക് അഗ്നിരക്ഷാസേനാംഗങ്ങളും മെഡിക്കൽ സംഘാംഗങ്ങളും എത്തിയിരുന്നതായും എന്നാൽ വൈകാതെ അദ്ദേഹം മരിച്ചു എന്നുമാണ് വിവരം. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇനിയും പുറത്തുവന്നിട്ടില്ല. തന്റെ മുറിയിൽ അദ്ദേഹത്തെ ഒറ്റയ്‌ക്കാണ് കണ്ടെത്തിയതെന്നും മരണത്തിൽ അസ്വാഭാവികത തോന്നിയില്ലെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ട്രാവൽ ചാനലിലെ 'മോസ്റ്റ് ഹൗണ്ടഡ് പ്ളേസസ്',നെറ്റ്ഫ്ളിക്‌സിലെ '28 ഡെയ്‌സ് ഹൗണ്ടഡ്' തുടങ്ങിയ പാരാനോർമൽ ആക്‌ടിവിറ്റികൾ പ്രധാനമായ ഷോകളുടെ പ്രൊഡ്യൂസറായടക്കം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 70കളിൽ പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെട്ട പാവയാണ് അന്നബെല്ല. ഒരു നഴ്‌സിംഗ് വിദ്യാർത്ഥിനിയ്‌ക്കാണ് അന്ന് ഈ പാവ സമ്മാനമായി കിട്ടിയത്. പാവ വീട്ടിൽ കൊണ്ടുവന്ന ശേഷം അസാധാരണമായ സംഭവങ്ങളുണ്ടായതോടെ ഈ പാവ കുപ്രസിദ്ധി നേടി. അന്നബെല്ല എന്ന പെൺകുട്ടിയുടെ ആത്മാവ് ഈ പാവയിലുണ്ടെന്നാണ് കഥകൾ പ്രചരിച്ചത്. വാറൻ ഒക്കൾട്ട് മ്യൂസിയത്തിലെ ഗ്ളാസ് കൂട്ടിലാണ് പിന്നീട് ഈ പാവ സൂക്ഷിച്ചത്. മേയ് മാസത്തിൽ ഈ പാവ കൂട്ടിൽ നിന്ന് കാണാതായി എന്ന് പ്രചരിച്ചിരുന്നു. ഇതിനെതിരെ പാവ കൂട്ടിൽ നിന്നും മാറിയിട്ടില്ല എന്ന് പ്രചരണം നടത്തിയയാളായിരുന്നു ഡാൻ റിവേര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |