പ്രായമേറിയാലും മുഖം മിനുങ്ങണമെന്നാണ് നമ്മളിൽ പലരും എപ്പോഴും ആഗ്രഹിക്കുക. അതിനായി എന്തെങ്കിലും ഫെയ്സ് പാക്കുകൾ, ക്രീമുകൾ തുടങ്ങിയവ ഉപയോഗിച്ച് ചർമ്മം നശിപ്പിക്കുന്നവരും ഒട്ടും കുറവല്ല. ഗുണത്തിന് പകരം ദോഷമാണ് അത്തരം കെമിക്കലുകൾ ഉപയോഗിക്കുന്നതിലൂടെ പലർക്കും നേരിടേണ്ടി വരുന്നത്.
ഇപ്പോഴിതാ ഫലപ്രദമായ രീതിയിൽ നമ്മുടെ ചർമ്മം എങ്ങനെ കാത്തു സൂക്ഷിക്കാമെന്നാണ് നടൻ മാധവൻ പങ്കുവയ്ക്കുന്നത്. ജിക്യു ഇന്ത്യയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ലളിതമായ ചർമ്മസംരക്ഷണത്തെക്കുറിച്ച് താരം ചില പൊടി കൈകൾ പറയുന്നത്. ശുദ്ധമായ ജലം, സൂര്യപ്രകാശം, സസ്യാഹാരം എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത ഘടകങ്ങളുടെ സംയോജനമാണ് തന്റെ തിളങ്ങുന്ന ചർമ്മത്തിന് കാരണമെന്ന് മാധവൻ പറയുന്നു. 50ാം വയസിലും യുവത്വം നിലനിർത്താൻ സഹായിക്കുന്നത് ഇതൊക്കെയാണെന്നാണ് മാധവൻ പറയുന്നത്.
സാധരണയായി സൂര്യപ്രകാശം പൂർണ്ണമായും ഒഴിവാക്കണമെന്ന ഉപദേശത്തിന് വിരുദ്ധമായിട്ടാണ് മാധവന്റെ അഭിപ്രായം. സൂര്യപ്രകാശം കൊള്ളുന്നത് ചർമ്മത്തിന് ഗുണം ചെയ്യുമെന്ന് താരം പറഞ്ഞു . വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ചർമ്മത്തെ ചുളിവുകളില്ലാതെ നിലനിർത്താനും സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. താൻ അതിരാവിലെ ഗോൾഫ് കളിക്കാൻ പോകുമ്പോൾ സൂര്യപ്രകാശം കൊള്ളുന്നതിനാലാണ് തന്റെ ചർമ്മത്തെ ചുളിവുകളില്ലാതെ നിലനിർത്താൻ കഴിയുന്നതെന്നും മാധവൻ പങ്കുവച്ചു.
'ചർമ്മം യുവത്വമുള്ളതായി നിലനിർത്താൻ വെളിച്ചെണ്ണ, ഇളനീര്, സൂര്യപ്രകാശം, സസ്യാഹാരം എന്നിവയാണ് താൻ ആശ്രയിക്കാറുള്ളത്. സൗന്ദര്യം വർദ്ധിപ്പിക്കാൻ ഫില്ലറുകളോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ചിട്ടില്ല. കഥാപാത്രങ്ങൾക്ക് വേണ്ടി ഇടയ്ക്കിടെ ഫേഷ്യൽ ചെയ്തതൊഴിച്ചാൽ മറ്റൊന്നും മുഖത്ത് ഉപയോഗിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പരിപ്പ്, ചോറ്, സബ്ജി തുടങ്ങിയ വീട്ടിൽ പാകം ചെയ്ത ഭക്ഷണങ്ങളാണ് ഇഷ്ടപ്പെടുന്നത്. വറുത്ത ഭക്ഷണങ്ങളും മദ്യവും പരമാവധി ഒഴിവാക്കണം'. മാധവൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |