മുംബയ്്: നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഇന്റർ കാശിയെ ഐ ലീഗ് ചാമ്പ്യന്മാരായി അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി ( കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്ട്) പ്രഖ്യാപിച്ചു.
2024-25 സീസണിലെ ഐ ലീഗ് ചാമ്പ്യന്മാരായി ചർച്ചിൽ ബ്രദേഴ്സിനെ പ്രഖ്യാപിച്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) അപ്പീൽ കമ്മിറ്റിയുടെ വിധി സ്വിറ്റ്സർലാൻഡിലെ ലൗസൈൻ ആസ്ഥാനമായ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി റദ്ദാക്കി.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി മേയ് 30ന് ചർച്ചിലിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഇന്റർ കാശി അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ അവർക്ക് അനുകൂല വിധി വന്നത്.
ഇന്റകാശി മാരിയോ ബാർകോ എന്ന സ്പാനിഷ് താരത്തെ രണ്ടാമതും രജിസ്റ്റർ ചെയതതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലാണ് ക്ലബിന് അനുകൂലമായ വിധി. സീസണിന്റെ തുടക്കത്തിൽ ഇന്റ കാശി ബാർകോയെ ടീമിലെത്തിച്ചിരുന്നു. ഡിസംബറിൽ താരത്തിന് പരിക്കേറ്റതിനെ തുടർന്ന് കാശി ബാർകോയ്ക്ക് പകരം മത്തീജ ബാബോവിച്ചിനെ ടീമിലെത്തിച്ചു. എന്നാൽ രണ്ട് മാസങ്ങക്ക് ശേഷം ജുവാൻ പെരസ് ഡെൽ പിനൊ പരസ്പര ധാരണയോടെ ടീം വിട്ടപ്പോൾ കാശി ബാർകോയെ വീണ്ടും രജിസ്റ്റർ ചെയ്തു. എന്നാൽ വിദേശ കളിക്കാരുടെ പകരക്കാരെ സംബന്ധിച്ചും പരിക്കേറ്റ കളിക്കാരനെ വീണ്ടും രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ചും ഇന്റകാശി ഐ ലീഗ് നിയമം ലംഘിച്ചു എന്നാരോപിച്ച് ചർച്ചിൽ ബ്രദേഴ്സും നംധാരി എഫ്.സയും റിയൽ കാശ്മീരും രംഗത്തെത്തിയിരുന്നു, ഐലീഗ് അപ്പീൽ കമ്മിറ്റി ഇവരുടെ വാദം ശരിവയ്ക്കുകയും ഇന്റർ കാശിയുടെ പോയിന്റ് കുറയ്ക്കുകയും ചർച്ചിലിനെ ചാമ്പ്യൻമാരായി പ്രഖ്യപിക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ ഇന്റർകാശി അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു.
തങ്ങൾക്കെതിരെ നംധാരി എഫ്.സി അയോഗ്യനായ കളിക്കാരനെ കളിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്റർ കാശി നൽകിയ അപ്പലിലും അവർക്ക് അനുകൂലമായ വിധി വന്നിരുന്നു. ആ മത്സരത്തിൽ കാശി ജയിച്ചതായും പ്രഖ്യാപിച്ചിരുന്നു.
നിലവിൽ ഇന്റർ കാശിക്ക് 42ഉം ചർച്ചിലിന് 40 പോയിന്റുമാണുള്ളത്. ഐലീഗ് സീസണിലെ അവസാന മത്സരം പൂർത്തിയാകുമ്പോൾ ചർച്ചിലിന് 40ഉം ഇന്റർ കാശിക്ക് 39 പോയിന്റുമായിരുന്നു. തുടർന്നാണ് അപ്പീലുകൾ ചാമ്പ്യനെ തീരുമാനിച്ചത്.
ഐ ലീഗ് ചാമ്പ്യന്മാരാകുന്ന ടീമിന് അടുത്ത ഐ.എസ്.എൽ സീസണിലേക്ക് പ്രമോഷൻ ലഭിക്കാറുണ്ട്. എന്നാൽ നിലവിൽ ഐ.എസ്.എൽ നടക്കുന്ന കാര്യത്തിൽ തന്നെ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
സത്യമേവ ജയതേ
അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയുടെ വിധി വന്നതോടെ സത്യമേവ ജയതേ എന്നായിരുന്നു ഇന്റർ കാശി സാമൂഹ്യമാദ്ധ്യമങ്ങളിൽ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |