അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒന്നാണ് ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ച് സൂക്ഷിക്കുന്നത് അപകടകരമാണ് എന്നത്. ഇത്തരത്തിൽ ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ച് സൂക്ഷിച്ചതിനെ തുടർന്ന് നിരവധി കുട്ടികൾ മരണപ്പെട്ടെന്നുള്ള അവകാശവാദത്തോടെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ആശുപത്രി കിടക്കകളിലും തറയിലും കുട്ടികൾ കിടക്കുന്നതാണ് പുറത്തുവന്ന വീഡിയോയിൽ ഉള്ളത്. ഉള്ളി ഉത്പാദിപ്പിക്കുന്ന എഥിലീൻ വാതകം ഉരുളക്കുഴങ്ങുമായി പ്രതിപ്രവർത്തിച്ച് അവ വേഗത്തിൽ മുളയ്ക്കുകയും സോളനെെൻ, ചാക്കോണിൻ പോലുള്ള വിഷരാസ വസ്തുക്കൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നതിനാൽ ഉരുളക്കിഴങ്ങും ഉള്ളിയും ഒരുമിച്ച്സൂക്ഷിക്കരുതെന്നാണ് വീഡിയോയിൽ പറയുന്നത്. അത്തരത്തിൽ സൂക്ഷിച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് അൾസർ, ആമാശയ വീക്കം, ഭക്ഷ്യവിഷബാധ, നാഡീവ്യവസ്ഥയുടെ പരാജയം എന്നിവയ്ക്ക് കാരണമാകുന്നുവെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.
എന്നാൽ ആശുപത്രിയിൽ കിടക്കകളിൽ കിടക്കുന്ന കുട്ടികളെയും മുതിർന്നവരുടെയും കരച്ചിലിന്റെ ദൃശ്യങ്ങൾ ഈ സംഭവത്തിന്റേത് അല്ലെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ച് സൂക്ഷിച്ചത് മൂലം രോഗങ്ങൾ വന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ ഈ വീഡിയോ തികച്ചും വ്യാജമാണ്.
ഉള്ളിയിൽ എഥിലീൻ വാതകം പുറത്തുവിടുന്നതായി ചില പഠനങ്ങൾ പറയുന്നുണ്ട്. അതുപോലെ ഉരുളക്കിഴങ്ങിൽ സോളനെെൻ, ചാക്കോണെെൻ പോലുള്ള ഗ്ലെെക്കോ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ടെന്നും ശരിയാണ്. അവ ഒരുമിച്ച് സൂക്ഷിക്കുന്നത് കേടാകുന്നത് വേഗത്തിലാക്കുന്നു. എന്നാൽ ഇതിൽ വിഷാംശം കാണാൻ സാദ്ധ്യതയില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടുതൽ അളവിൽ പച്ചയോ മുളപ്പിച്ചതോ ആയ ഉരുളക്കിഴങ്ങ് കിഴക്കുമ്പോൾ മാത്രമേ വിഷാംശം കാണപ്പെടുകയുള്ളൂ. അതിനാൽ തന്നെ പുറത്തുവന്ന വീഡിയോയിലെ ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |