കോഴിക്കോട് : കേരളത്തിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിയ കേസിൽ ബീഹാർ സ്വദേശിയായ സീമ സിൻഹയെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഒരു മയക്കു മരുന്നു കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് രണ്ടാഴ്ച മുമ്പ് ഗുരുഗ്രാമിൽ നിന്ന് സീമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ തൃശൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സീമ. ക്രൈംബ്രാഞ്ച് എക്സൈസ് സി.ഐ പി. ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീമയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
98 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഫാസിർ, മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായതിന് പിന്നാലെയാണ് അന്വേഷണം സീമയിലേക്ക് എത്തിയത്. എം.ഡി.എം.എ ബംഗളുരുവിൽ നിന്ന് സംഘടിപ്പിക്കുന്നതിനും ഇതിന്റെ പണം സീമയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുന്നതിനും ഫാസിറിനോടൊപ്പം കോഴിക്കോട് പന്തീരങ്കാവ് പുത്തൂർമഠം സ്വദേശിയായ അബ്ദുൾ ഗഫൂറും അറസ്റ്റിലായിരുന്നു. കോഴിക്കോട് കരുവൻതുരുത്തി സ്വദേശിയായ പ്രജീഷ് എന്നയാൾ നൽകിയ അക്കൗണ്ടിലേക്കായിരുന്നു പണം അയച്ചതെന്ന് ഫാസിറും അബ്ദുൾ ഗഫൂറും മൊഴി നൽകി. തുടർന്ന് എക്സൈസ് പ്രജീഷിനെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം സീമയിലേക്കെത്തുന്നത്.
താത്കാലിക മേൽവിലാസം വച്ച് രേഖകളുണ്ടാക്കി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ ശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തുകയായിരുന്നു സീമ ചെയ്തിരുന്നത്. ഇതിനായി നൈജീരിയൻ സ്വദേശികളെയും ഉപയോഗിച്ചിരുന്നു. സീമയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഏതാനും ദിവസങ്ങൾ കൊണ്ട് കോടികളുടെ പണമിടപാടാണ് നടന്നിരുന്നതെന്ന് എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി നൈജീരിയൻ സ്വദേശികളേയും ഉപയോഗിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |