കോഴിക്കോട്: സംസ്ഥാനത്തെ 129 ഫയർ സ്റ്റേഷനുകളിൽ 43 ഓഫീസുകൾ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിൽ. ആവശ്യത്തിന് ഉപകരണങ്ങളും വണ്ടികളുമുണ്ടെങ്കിലും പാർക്ക് ചെയ്യാൻ പോലും ഇടമില്ലാത്ത അവസ്ഥ. ചിലയിടങ്ങളിൽ സ്ഥലമെടുത്ത് കെട്ടിടം നിർമ്മിക്കുന്നുണ്ട്. എങ്കിലും ഭൂരിപക്ഷവും അധികൃതരുടെ കനിവ് കാത്ത് ഫയലിലുറങ്ങുകയാണ്.
ആലത്തൂർ, വടക്കാഞ്ചേരി, പട്ടാമ്പി, കോങ്ങാട്, ഗുരുവായൂർ, ചാലക്കുടി, നിലമ്പൂർ, തിരുവാലി, മഞ്ചേരി, താനൂർ, നരിക്കുനി, കൊയിലാണ്ടി, നാദാപുരം, കൂത്തുപറമ്പ്, പാനൂർ, ഇരിട്ടി, തളിപ്പറമ്പ്, ഉപ്പള, നെടുങ്കണ്ടം, കട്ടപ്പന, അടിമാലി, മൂന്നാർ, മൂലമറ്റം, മൂവാറ്റുപുഴ, പെരുമ്പാവൂർ, കല്ലൂർക്കാട്, കൂത്താട്ടുകുളം, മുളംതുരുത്തി, വൈപ്പിൻ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, അരൂർ, ഹരിപ്പാട്, കോന്നി, റാന്നി, പാറശാല, വിഴിഞ്ഞം, നെയ്യാർഡാം, നെടുമങ്ങാട്, വിതുര, കല്ലമ്പലം, ചവറ, കൊട്ടാരക്കര തുടങ്ങിയ യൂണിറ്റുകളാണ് വാടകക്കെട്ടിടത്തിലുള്ളത്.
ഒരു യൂണിറ്റിൽ 30 ജീവനക്കാർ
40 സെന്റ് ഭൂമിയെങ്കിലും ഒരു ഫയർഫോഴ്‌സ് യൂണിറ്റിന് ആവശ്യമുണ്ട്. ഓരോ യൂണിറ്റിലും സ്റ്റേഷൻ ഓഫീസറടക്കം 30 ജീവനക്കാരുണ്ടാവും. അടിയന്തര ആവശ്യങ്ങൾക്കായി കുറഞ്ഞത് മൂന്ന് ഫയർ യൂണിറ്റ് വാഹനങ്ങളും ഓഫീസേഴ്‌സ് സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങളുമുണ്ടാകും. ഓഫീസിലേക്ക് വാഹനം എളുപ്പത്തിൽപോകാനും വരാനുമുള്ള സൗകര്യവും വേണം. 24 മണിക്കൂറും ജോലിയുള്ളതിനാൽ വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള സൗകര്യവുമുണ്ടാകണം. വാടക കെട്ടിടങ്ങളിൽ ഇവയ്‌ക്കെല്ലാം പരിമിതിയുണ്ട്.
'ഫയർഫോഴ്‌സ് ജീവനക്കാർക്ക് അർഹമായ പരിഗണന വേണം. വാടകക്കെട്ടിടത്തിലുള്ള മുഴുവൻ ഓഫീസുകളും സ്ഥിരം സംവിധാനത്തിലേക്ക് മാറ്റണം".
- ഷജിൽകുമാർ.എ
സംസ്ഥാന പ്രസിഡന്റ്, കെ.എഫ്.എസ്.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |