കൊച്ചി: പൊലീസിന്റെ ബ്രെത്തലൈസർ ഉപകരണത്തിൽ ഓരോ പരിശോധനയ്‌ക്ക് മുമ്പും റീഡിംഗ് 'പൂജ്യം" ആണെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം, മുൻ പരിശോധനയുടെ കണങ്ങൾ അവശേഷിക്കാൻ സാദ്ധ്യതയുണ്ടെന്നും മദ്യപിച്ചു വാഹനമോടിച്ചെന്ന് ആരോപിക്കപ്പെടുന്നവരുടെ പരിശോധന ആധികാരികമാകില്ലെന്നും കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് അവബോധം നൽകാൻ ഡി.ജി.പി സർക്കുലർ ഇറക്കണം. വിമാന ജീവനക്കാരുടെ പരിശോധന സംബന്ധിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇറക്കിയ സർക്കുലർ മാതൃകയാക്കാം. പൊലീസ് നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഹർജി നൽകിയ തിരുവനന്തപുരം ബാലരാമപുരം സ്വദേശിക്കെതിരായ കേസ് ഭാഗികമായി റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ഹർജിക്കാരൻ 2024 ഡിസംബർ 30 ന് മദ്യപിച്ച് ഇരുചക്രവാഹനം ഓടിച്ചെന്നാരോപിച്ച് തിരുവനന്തപുരം മെഡി.കോളേജ് പൊലീസാണ് കേസെടുത്തത്. ബ്ളാങ്ക് ടെസ്റ്റിലെയും യഥാർത്ഥ ടെസ്റ്റിലെയും റീഡിംഗിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |