പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായപ്പോഴും 'വി.എസ്" എന്ന രണ്ടക്ഷരത്തിൽ ആർത്തലയ്ക്കുന്ന ഒരു മഹാകാലത്തിന്റെ നിഴലായി കൂടെയുണ്ടായിരുന്നു എ.സുരേഷ്. ഒരു പതിറ്റാണ്ടോളം ആ കൈപിടിച്ചു നടന്ന മുൻ പേഴ്സണൽ അസിസ്റ്റന്റ് പാലക്കാട് കൽമണ്ഡപം സ്വദേശി എ.സുരേഷ് വി.എസ്.അച്യുതാനന്ദനുമായുള്ള അനുഭവങ്ങളും ഓർമ്മകളും പങ്കുവയ്ക്കുന്നു.
'2002ലാണ് പ്രതിപക്ഷ നേതാവായിരുന്ന വി.എസിന്റെ പേഴ്സണൽ അസിസ്റ്റന്റായി ജില്ലാ കമ്മിറ്റി എന്നെ നിയോഗിക്കുന്നത്. അകലെനിന്ന് കണ്ട നേതാവുമായി അടുപ്പമുണ്ടാകുന്നത് അപ്പോഴാണ്. ആദ്യ കാഴ്ചയിൽതന്നെ അദ്ദേഹം കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവായതിനാൽ എല്ലാജില്ലകളിലും പോകേണ്ടി വരും. എന്നും മലമ്പുഴയിൽ ഉണ്ടാകില്ല, ഈ പ്രശ്നം പരിഹരിക്കാൻ സുരേഷിന്റെ സഹായം വേണമെന്നാണ് വി.എസ് പറഞ്ഞത്. അത് അക്ഷരാർത്ഥത്തിൽ ഞാൻ അനുസരിച്ചു. മണ്ഡലവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. ഇത് വി.എസിന് എന്നോട് വിശ്വാസം തോന്നാൻ കാരണമായി. അടുപ്പമായശേഷം ഒരു മകനോളം വാത്സല്യവും കരുതലും വി.എസ് നൽകി..."
ഒത്തുതീർപ്പുകളില്ലാത്ത നേതാവ്
ത്യാഗനിർഭരമായ പോരാട്ടജീവിതം നയിച്ച, രാഷ്ട്രീയകേരളത്തിന്റെ ഏറ്റവും മഹാനായ, ഒത്തുതീർപ്പുകളില്ലാത്ത നേതാവായാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. രാഷ്ട്രീയപരമോ ഭരണപരമോ ആകട്ടെ, ശരിയെന്ന് തോന്നുന്ന വിഷയത്തിൽ അതിനറ്റം വരെ പോകുന്ന കമ്മ്യൂണിസ്റ്റ് ശൈലിയുള്ള ഏറ്റവും വലിയ നേതാവാണ് അദ്ദേഹം. പതിനായിരക്കണക്കിന് ഏക്കർ ഭൂമി പിടിച്ചെടുക്കാനും ലോട്ടറി മാഫിയയെ കെട്ടുകെട്ടിക്കാനും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.
പച്ചയായ കമ്മ്യൂണിസ്റ്റുകാരൻ
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് കേരളത്തെ പഠിപ്പിച്ചത് വി.എസ് ആണ്. കന്റോൺമെന്റ് ഹൗസിൽ ഇരുന്ന് പത്രസമ്മേളനങ്ങൾ നടത്തുകയും പ്രസ്താവന ഇറക്കുന്നതിൽ നിന്ന് മാറി, ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രതിപക്ഷ നേതാവ് എന്ന മാതൃക വി.എസ് ആണ് കേരളത്തിന് കാണിച്ചുകൊടുത്തത്. പ്രായമോ അനുഭവജ്ഞാനമോ കുറവുള്ള ആളുകളാണ് പറയുന്നതെങ്കിൽ കൂടിയും അതിൽ കാര്യമുണ്ടെന്ന് കണ്ടെത്തിയാൽ അത് കേൾക്കാൻ സമയം കണ്ടെത്തുക എന്നതാണ് ഞാൻ വി.എസിൽ കണ്ട മഹത്വം. മൂല്യച്യുതിവരാതെ മാതൃകപരമായി കമ്മ്യൂണിസ്റ്റ് ജീവിതം നയിച്ച നേതാവാണ് വി.എസ്.
വി.എസിന്റെ സന്തതസഹചാരി
വി.എസിന്റെ ഒപ്പമുണ്ടായിരുന്ന കാലം പേഴ്സണൽ അസിസ്റ്റന്റ് ആയി മാത്രമായിട്ടായിരുന്നില്ല പ്രവർത്തനം. മരുന്നും ഭക്ഷണവും ഉറക്കവും ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും പ്രത്യേകശ്രദ്ധ ചെലുത്തിയിരുന്നു. കേവലം ജോലിയായല്ല, അതൊന്നും ചെയ്തിരുന്നത്. വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ മാറ്റിവച്ചിട്ടുണ്ട്. അച്ഛൻ ആശുപത്രിയിൽ ആയപ്പോൾ കാണാൻപോകാൻ വൈകിയതുമുതൽ ഭാര്യയുടെ പ്രസവസമയത്ത് ഒപ്പമില്ലാതിരുന്നത് വരെ ഇവയിൽ ഉൾപ്പെടുന്നു. വി.എസിന്റെ ടീമിന്റെ ഭാഗമാകാനും അദ്ദേഹത്തിന് ഇഷ്ടമുള്ളവരുടെ കൂട്ടത്തിൽ ഒരാളായി മാറാൻ സാധിച്ചതും ജീവിതത്തിലെ ഭാഗ്യമായാണ് കാണുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. അപ്പോഴൊക്കെ വി.എസ് പറയുമായിരുന്നു, ആ തീരുമാനം നടപ്പിലാക്കാൻ താൻ സമ്മതിക്കില്ലെന്ന്. പി.ബി യോഗം കഴിഞ്ഞ് പുറത്താക്കൽ എന്ന തീരുമാനം പുറത്തുവന്നപ്പോൾ വി.എസിന്റെ മുഖത്തെ വിഷമം ഞാൻ കണ്ടു. അത്രയും കാലം സന്തതസഹചാരി ആയശേഷം പൊടുന്നനേ മാറിനിൽക്കുക എന്നത് വളരെ വിഷമകരമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |