ബംഗളൂരു: ധർമസ്ഥലയിൽ മലയാളി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നൽകി. ഇടുക്കി സ്വദേശി ബൽത്തങ്ങാടി കറമ്പാറു സവനാലു ഡാർബെ ഹൗസിൽ കെജെ ജോയിയുടെ മരണത്തിലാണ് പരാതി. 2018ൽ ആണ് ജോയി വാഹനാപകടത്തിൽ മരണപ്പെടുന്നത്. പിതാവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടിൽ അനീഷാണ് പരാതി നൽകിയത്.
ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾക്ക് സമാനമാണ് പിതാവിന്റെ മരണമെന്ന് മകൻ പരാതിയിൽ പറയുന്നു. ധർമസ്ഥലയിലെ പ്രമുഖന്റെ നിർദ്ദേശപ്രകാരം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ധർമസ്ഥലയിൽ എത്തി പരാതി നൽകിയിരുന്നെന്നും ഭീഷണി ശക്തമായതോടെ അവിടെ നിന്ന് നാട്ടിൽ എത്തിയെന്നും അനീഷ് പറഞ്ഞു.
ധർമസ്ഥലയിലും പരിസരപ്രദേശങ്ങളിലുമായി അരങ്ങേറിയ ക്രൂരമായ ലൈംഗിക പീഡനങ്ങളേയും കൊലപാതകങ്ങളേയും കുറിച്ച് വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി രംഗത്തെത്തിയതോടെയാണ് ധർമസ്ഥല ചർച്ചയായത്. 1998-2014 കാലഘട്ടത്തിലാണ് ബലാത്സംഗങ്ങൾ അരങ്ങേറിയത്. ഇരകളായവരിൽ സ്‌കൂൾ വിദ്യാർത്ഥിനികളും ഉൾപ്പെടുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഇരകളുടെ മൃതദേഹങ്ങൾ പുറംലോകം അറിയാതെ കുഴിച്ച് മൂടാൻ താൻ നിർബന്ധിതനായിട്ടുണ്ടെന്നാണ് മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരിക്കുന്നത്.
വെളിപ്പെടുത്തലിന് പിന്നാലെ കർണാടക പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തിട്ടുണ്ട്. വിവരങ്ങൾ കൈമാറിയ ആളുടെ വിവരങ്ങൾ പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയാണ് കർണാടക പൊലീസ്. വ്യക്തിയെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്ത് വന്നാൽ അത് അയാളുടെ ജീവനുപോലും ആപത്താണെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |