ഉദ്യോഗസ്ഥർക്ക് എല്ലാ പിന്തുണയും നൽകിയ ഭരണാധികാരിയായിരുന്നു വി.എസ്. അച്യുതാനന്ദൻ. എറണാകുളത്തും തൃശൂരുമൊക്കെ ഞാൻ റെയിഞ്ച് ഐ.ജി ആയിരുന്നപ്പോൾ അദ്ദേഹമായിരുന്നു മുഖ്യമന്ത്രി. അന്ന് കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരവകുപ്പ് മന്ത്രി. തുടക്കത്തിൽ തന്നെ കോടിയേരി എന്നോടു ഒരു കാര്യം പറഞ്ഞിരുന്നു. വളരെ പ്രധാനപ്പെട്ട ലാ ആൻഡ് ഓർഡറുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അതെന്നോട് ചോദിക്കാൻ നിൽക്കണ്ട. അത് മുഖ്യമന്ത്രിയോട് അറിയിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം എനിക്ക് നൽകിയിരുന്നു. അക്കാലത്ത് എറണാകുളത്ത് വലിയൊരു വർഗീയ ലഹളയുണ്ടായി. മുഖ്യമന്ത്രി അച്യുതാനന്ദൻ തൊട്ടടുത്ത ദിവസം രാവിലെ അവിടെ എത്തി. പ്രശ്നത്തിന്റെ വിവിധ തലങ്ങൾ കൃത്യമായി ഉൾപ്പെടുത്തി ഞാൻ മലയാളത്തിൽ തയ്യാറാക്കിയ കുറിപ്പ് അദ്ദേഹത്തിന് നൽകി. അതിന്റെ വിവിധ വശങ്ങളെ ഞാൻ അദ്ദേഹത്തോട് വിവരിച്ചു. ശ്രദ്ധാപൂർവം അദ്ദേഹം അത് കേട്ടു. എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. തുടർന്ന് ഞങ്ങൾക്ക് അനുകൂലമായൊരു പ്രസ്താവന അദ്ദേഹം നൽകി. മറക്കാൻപറ്റാത്ത നിമിഷമായിരുന്നു അത്.
അതുപോലെ പുല്ലുമേട് ദുരന്തമുണ്ടായപ്പോഴും അദ്ദേഹം ഉദ്യോഗസ്ഥർക്ക് ഒപ്പം നിന്നു. വിഷയത്തെക്കുറിച്ച് ചിത്രങ്ങളുൾപ്പെടെ ഉൾക്കൊള്ളിച്ച് ആൽബം തയ്യാറാക്കി ഞാൻ വിശദീകരിച്ചു. അധികം സമയമെടുക്കാതെ എല്ലാം വായിച്ചുനോക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു. തുടർന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റേതായൊരു പ്രസ്താവനയും കൊടുത്തു. പൊലീസ് ആഭ്യന്തരവകുപ്പിന് കീഴിലായതിനാൽ എല്ലാ ദിവസവും അദ്ദേഹവുമായി ബന്ധപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ അദ്ദേഹം നൽകിയ പിന്തുണയും ആത്മവിശ്വാസവും പകരം വയ്ക്കാനില്ലാത്തതാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ കർമ്മമേഖലയിൽ ഒരിക്കലും ചെറിയ ബുദ്ധിമുട്ടുപോലും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു.
(മുൻ ഡി.ജി.പിയും ഫയർഫോഴ്സ് മേധാവിയുമാണ് ലേഖിക )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |