അബുദാബി: യുഎഇയിൽ തൊഴിൽ തേടുന്നവർക്ക് വൻ അവസരവുമായി ദുബായ് എമിറേറ്റ്‌സ് ഗ്രൂപ്പ്. എമിറേറ്റ്‌സ് എയർലൈൻ, ട്രാവൽ ഏജൻസിയായ ഡിനാറ്റ എന്നിവിടങ്ങളിൽ ഉൾപ്പെടെ 17,300 പുതിയ നിയമനങ്ങൾ ഇക്കൊല്ലം നടത്തുമെന്നാണ് എമിറേറ്റ്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാബിൻ ക്രൂ, പൈലറ്റ്, എഞ്ചിനീയർ, കോമേഷ്യൽ, സെയിൽസ് ടീം, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് ഹാൻഡിലിംഗ്, കാറ്ററിംഗ്, ഐടി, എച്ച് ആർ, ഫിനാൻസ് മേഖലകളിലാണ് നിയമനം നടത്തുന്നത്.
2022ന് ശേഷം 41,000ൽ അധികം പേരുടെ നിയമനമാണ് എമിറേറ്റ്‌സ് ഗ്രൂപ്പ് നടത്തിയത്. നിലവിൽ 1,21,000 തൊഴിലാളികളാണ് എമിറേറ്റ്‌സ് ഗ്രൂപ്പിനുള്ളത്. നിയമനം നടത്തുന്നതിനായി 150 ഇടങ്ങളിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. വിദ്യാർത്ഥികളെയും ബിരുദധാരികളെയും ഉൾപ്പെടുത്തിക്കൊണ്ട് ദുബായിൽ വിവിധ പരിപാടികളും നടത്തുമെന്ന് കമ്പനി അറിയിച്ചു. ഡിനാറ്റ മാത്രം 4000ൽ അധികം കാർഗോ, കാറ്ററിംഗ്, ഗ്രൗണ്ട് ഹാൻഡിലിംഗ് വിദഗ്ദ്ധരെയാണ് തേടുന്നത്.
ആകർഷകമായ ശമ്പളത്തിന് പുറമേ, എമിറേറ്റ്‌സ് ഗ്രൂപ്പിലെ ആനുകൂല്യങ്ങളിൽ ലാഭ വിഹിത ലഭ്യത, സമഗ്ര മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് പരിരക്ഷ, ഫ്ലൈറ്റ് ടിക്കറ്റുകൾ ഉൾപ്പെടെയുള്ള യാത്രാ ആനുകൂല്യങ്ങൾ, വാർഷിക അവധി, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കുൾപ്പെടെ ഇളവുകൾ, ഇളവോട് കൂടിയ കാർഗോ നിരക്കുകൾ, നൂറുകണക്കിന് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ലൈഫ്‌സ്റ്റൈൽ ഔട്ട്‌ലെറ്റുകളിൽ കിഴിവുകൾ നൽകുന്ന അംഗത്വ കാർഡുകൾ എന്നിവ ഉൾപ്പെടുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |