ന്യൂഡൽഹി: പാകിസ്ഥാൻ നടത്തിയ പെഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശത്രു കേന്ദ്രങ്ങളും ഭീകരതാവളങ്ങളും മാത്രം തകർത്തുകൊണ്ടുള്ള ഈ ഓപ്പറേഷനോടെ ഇന്ത്യ പ്രതിരോധരംഗത്തെ കൃത്യത വെളിവാക്കി. ഇപ്പോഴിതാ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തയ്യാറാക്കിയ പുതിയൊരു ആയുധം ഇന്ത്യയുടെ മികവിനെ ഒന്നുകൂടി എടുത്തുകാട്ടുന്നതായി മാറിയിരിക്കുകയാണ്. എക്‌സ്റ്റന്റഡ് ട്രാജക്‌ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ (ഇടി-എൽഡിഎച്ച്സിഎം) എന്ന പുത്തൻ ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ പരീക്ഷിച്ചിരിക്കുകയാണ്. ശബ്‌ദത്തെക്കാൾ എട്ട് മടങ്ങ് വേഗത്തിൽ സഞ്ചരിക്കുകയും 1500 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുകയും ചെയ്യുന്ന മിസൈലാണിത്.
ഡിആർഡിഒയുടെ പ്രോജക്‌ട് വിഷ്‌ണുവിലാണ് ഈ ഹൈപ്പർസോണിക് മിസൈൽ തയ്യാറാക്കിയത്. ലോകരാജ്യങ്ങൾ തമ്മിലെ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ പരീക്ഷണം ഇന്ത്യ നടത്തിയത്. ബ്രഹ്‌മോസ്, അഗ്നി-5, ആകാസ് മിസൈൽ സിസ്റ്റങ്ങൾ ഇന്ത്യ പുതുക്കുന്നതിനൊപ്പമാണിത്. മുൻകാലങ്ങളിലെ മിസൈലുകളിൽ തിരിയുന്ന കംപ്രസറിന്റെ ബലത്തിൽ ആണ് അവ മുന്നോട്ട് സഞ്ചരിച്ചിരുന്നതെങ്കിൽ ഈ മിസൈലിൽ എയർ ബ്രീത്തിംഗ് പ്രൊപ്പൽഷൻ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഓക്‌സിജൻ വഴി പ്രവർത്തിക്കുന്ന സ്‌ക്രീംജെറ്റ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇതുവഴി മികച്ച വേഗം കൈവരിക്കാൻ ഇടി-എൽഡിഎച്ച്സിഎമ്മിന് കഴിയും. ബ്രഹ്‌മോസ് മിസൈലിന് മാക് 3 സ്‌പീഡ് അഥവാ 3675 കിലോമീറ്റർ വേഗമാണ് ഉള്ളതെങ്കിൽ പുതിയ മിസൈലിന് അത് എട്ട് മാക് അഥവാ 11,000 കിലോമീറ്ററാണ്.
ബ്രഹ്‌മോസിന് ആദ്യം 290 കിലോമീറ്ററായിരുന്നു റേഞ്ച് പിന്നീട് 450 കിലോമീറ്ററായി ഉയർത്തി. ഇടി-എൽഡിഎച്ച്സിഎമ്മിന് 1500 കിലോമീറ്ററാണ് റേഞ്ച്. 1000 മുതൽ 2000 വരെ കിലോഗ്രാം പേലോഡ് വഹിക്കാൻ മിസൈലിനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത രീതിയിലെ ആയുധങ്ങളും ആണവായുധങ്ങളും ഇത് വഹിക്കും. വളരെ താഴ്‌ന്ന പ്രതലത്തിൽ പറക്കാനാകുന്ന ക്രൂയിസ് മിസൈലിന് അതിനാൽ തന്നെ ശത്രുക്കളുടെ റഡാറിനെ എളുപ്പം കബളിപ്പിക്കാനാകും. എന്നാൽ വളരെ ഉയർന്ന കൃത്യത ഏത് ദുർഘട ലക്ഷ്യസ്ഥാനത്തെയും തകർക്കാൻ അനുവദിക്കുന്നു. 2000ഡിഗ്രി വരെ താപനിലയെ താങ്ങാവുന്ന മിസൈലിന് ഈ സമയത്തും കൃത്യത കൈമോശം വരില്ല.
ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യ നിലവിൽ മൂന്ന് രാജ്യങ്ങൾക്ക് മാത്രമേയുള്ളൂ. അയൽരാജ്യമായ ചൈനയ്‌ക്കും പിന്നീട് റഷ്യയ്‌ക്കും അമേരിക്കയ്‌ക്കും. ഇതിനൊപ്പമാണ് ഇനി ഇന്ത്യയുടെ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലും സ്ഥാനംപിടിക്കുക. ഇന്തോ പസഫിക് മേഖലയിൽ അടക്കം ശക്തമാകുന്ന ചൈനയുടെ സാന്നിദ്ധ്യവും അതിർത്തി കടന്നുള്ള തീവ്രവാദം പതിവാക്കിയ പാകിസ്ഥാന്റെ ഭീഷണിയെയും കൃത്യമായി തകർക്കാൻ പ്രോജക്‌ട് വിഷ്‌ണുവിലൂടെ ഇന്ത്യയ്‌ക്കാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |