കട്ടപ്പന: പുളിയൻമല ശിവലിംഗ പളിയക്കുടിയിൽ വനത്തിൽ നിന്നും എത്തിയ കരിങ്കുരങ്ങിലൊന്ന് നാട്ടുകാർക്ക് ഉപദ്രവകാരിയായിമാറി. ഒന്നരമാസം മുമ്പാണ് മൂന്ന് കരിങ്കുരങ്ങുകൾ വനത്തിൽനിന്ന് ശിവലിംഗ പളിയക്കുടിയിലെത്തിയത്. രണ്ടെണ്ണം തിരികെ വനത്തിലേക്ക് മടങ്ങിയെങ്കിലും അവയിൽ ഒന്ന് ഇവിടെത്തന്നെ തുടർന്നു. കുടിയിലെ മരങ്ങളിലും വീടുകളുടെയും അങ്കണവാടി കെട്ടിടത്തിന്റെ പരിസരങ്ങളിലുമായി താമസമാക്കി. ആദ്യമൊക്കെ കൗതുകത്തോടെ ആളുകൾ പഴങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും നൽകി. പിന്നീട് ഭക്ഷണം കിട്ടാതെവരുമ്പോൾ ആളുകളെ ഉപദ്രവിക്കുന്നത് ശീലമാക്കി. തോട്ടം തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ എടുത്ത് കൊണ്ടുപോകുകയും മരങ്ങളുടെ മുകളിലോ മറ്റ് എവിടെയെങ്കിലും വലിച്ചെറിയുന്നതുമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അതോടൊപ്പം വീട്ടുമുറ്റത്ത് ഉണങ്ങാനിടുന്ന വസ്ത്രങ്ങൾ എടുത്തുകൊണ്ടു പോകുന്നതും നശിപ്പിക്കുന്നതും പതിവാണെന്ന് ഇവർ പറയുന്നു. ഏതാനും ദിവസങ്ങളുടെ ഇടവേളകളിൽ
മൂന്നുപേരെയാണ് കുരങ്ക് മാന്തി പരിക്കേൽപ്പിച്ചത്.മണിമാല(47), വിദ്യാർത്ഥികളായ കാർത്തിക(8), ആദിത്യൻ(7) എന്നിവർക്കാണ് കുരങ്ങിന്റെ നഖംകൊണ്ട് മുറിവേറ്റത്. ഇവർ ചികിത്സതേടുകയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയരാകുകയും ചെയ്തു. കുടിയിലെ അങ്കണവാടിയിലെ കുട്ടികൾക്കും കുരങ്ങ് ഭീഷണിയായിരുന്നു.
ഒടുവിൽ നാട്ടുകാർ പൊറുതിമുട്ടി വനംവകുപ്പ് കുമളി റേഞ്ച് ഓഫീസിലെ വനപാലകരെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി കൂട് സ്ഥാപിച്ച് ദിവസങ്ങളോളം നിരീക്ഷിച്ചെങ്കിലും കുരങ്ങൻ കൂടിനുള്ളിൽ പെട്ടില്ല. തുടർന്ന് മയക്കുവെടി വച്ച് പിടികൂടാനാണ് തീരുമാനം എടുത്തിരുന്നു. അതിനിടയ്ക്കാണ് കുരങ്ങ് വനംവകുപ്പിന്റെ കൂട്ടിനുള്ളിൽ പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |